തിരുവനന്തപുരം: പിറവം പള്ളിക്കേസില്‍ ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശം നടത്തിയെന്നത് തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതി ചില ചോദ്യങ്ങള്‍ ചോദിക്കുന്നത് വിമര്‍ശമായി എടുക്കേണ്ടതില്ലെന്നും, കാര്യങ്ങള്‍ വിശദമായി മനസിലാക്കാന്‍ ജഡ്ജിമാര്‍ പലചോദ്യങ്ങളും ചോദിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

കോടതിയുടെ ഭാഗത്തുനിന്നുള്ള സ്വാഭാവികമായ ചോദ്യങ്ങളാണ് കഴിഞ്ഞദിവസം ഉണ്ടായത്. ഇതിനെല്ലാം അഡ്വക്കേറ്റ് ജനറല്‍ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. എന്നാല്‍ കോടതി ഉത്തരവ് ഇതുവരെ പുറത്തുവന്നിട്ടില്ല-മുഖ്യമന്ത്രി  വ്യക്തമാക്കി. 

കോടതിയുടെ ചോദ്യങ്ങള്‍ നിലപാടാണെന്ന് തെറ്റിദ്ധരിക്കുന്നുണ്ടെന്നും, ഇക്കാര്യത്തില്‍ കോടതി നടപടികള്‍  റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

'പിറവം പള്ളി കേസില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ മതവുമായി ബന്ധപ്പെട്ടുള്ള ഉത്തരവുകളില്‍ കോടതിയലക്ഷ്യ നടപടിയെടുക്കുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളി.

കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. ജോര്‍ജ് എന്നയാള്‍ നല്‍കിയ ഹര്‍ജി നവംബര്‍ രണ്ടിനും പരിഗണിച്ചിരുന്നു. വിധി നടപ്പാക്കാന്‍ സമവായ ചര്‍ച്ചകള്‍ നടക്കുന്നു എന്നാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് ഈ ഹര്‍ജി 2019 മാര്‍ച്ചിലേക്ക് മാറ്റിവെച്ചു. സമവായ ചര്‍ച്ചകള്‍ നടക്കുന്നത് സുപ്രീംകോടതി തന്നെ അംഗീകരിച്ചതാണ്. ഇതേ കേസുമായി ബന്ധപ്പെട്ട് നല്‍കിയ മറ്റൊരു ഹര്‍ജിയില്‍ ശബരിമലയും പിറവം പള്ളി കേസും വ്യത്യസ്തമാണെന്നായിരുന്നു ഹൈക്കോടതിയും ചൂണ്ടിക്കാണിച്ചത്'-മുഖ്യമന്ത്രി വിശദമാക്കി.

Content Highlights: chief minister pinarayi vijayan's response about piravom church case