തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിന് പിന്നാലെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവിനെതിരെ സിപിഎമ്മില്‍ അമര്‍ഷം. സിപിഎമ്മിനേയും സര്‍ക്കാരിനേയും പ്രതിക്കൂട്ടിലാക്കുന്ന നിരവധി നടപടികളാണ് ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് നാലര വര്‍ഷത്തിനിടെ ഉണ്ടായിട്ടുള്ളത്. ഇതിന്റെ എല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവയാണെന്ന പൊതുവികാരമാണ് ഇപ്പോള്‍ സിപിഎമ്മില്‍ ഉയര്‍ന്നിരിക്കുന്നത്. 

ധനമന്ത്രി തോമസ് ഐസകും മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദനും കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീവാസ്തവയെ ഉന്നമിട്ട് പരസ്യമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെ പോലും അറിയിക്കാതെ കെഎസ്എഫ്ഇയില്‍ നടത്തിയ റെയ്ഡിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നുവെന്നാണ് നേതാക്കന്‍മാര്‍ വിലയിരുത്തുന്നത്. 

ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഉപദേഷ്ടാവായി രമണ്‍ ശ്രീവാസ്തവ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നേതാക്കളിപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. പോലീസ് ഉപദേഷ്ടാവായി വരുന്നതിന് മുമ്പേ ശ്രീവാസ്തവ ഈ ധനകാര്യ സ്ഥാപനത്തിന്റെ ഉപദേഷ്ടാവായിരുന്നു. അദ്ദേഹം ഇപ്പോഴും ആ പദവി വഹിക്കുന്നുണ്ടെന്നാണ് സ്ഥാപനത്തിന്റെ വെബ്‌സൈറ്റിലുള്ളത്. അങ്ങനെയുള്ള ഒരാളുടെ കൃത്യമായ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് കെഎസ്എഫ്ഇയില്‍ റെയ്ഡ് നടത്താനും പൊതുജനത്തിന് മുന്നില്‍ സ്ഥാപനത്തെ താറടിച്ച് കാണിക്കാനുമുള്ള നടപടിയുണ്ടായിട്ടുള്ളത് എന്നാണ് സിപിഎം നേതാക്കളുടെ വിലയിരുത്തല്‍.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടലുകള്‍ക്ക് സാധൂകരണം നല്‍കാനുള്ള ഗൂഢാലോചനകൂടി ഇതിന് പിന്നിലുണ്ടോയെന്നും സിപിഎം സംശയിക്കുന്നുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ അവധിയില്‍ പോയ ഘട്ടത്തില്‍ കൂടിയാണ് ഈ റെയ്ഡിന് അനുമതി നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സിപിഎം നേതാക്കള്‍ക്ക് പുറമെ സിപിഐയും രമണ്‍ ശ്രിവാസ്തവയുടെ ഇടപെടലുകളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

വിവദമായ പോലീസ് നിയമഭേദഗതി കൊണ്ടുവരുന്നതിലും രമണ്‍ ശ്രീവാസ്തവയുടെ പങ്ക് വളരെ വ്യക്തമായിരുന്നു. പോലീസ് ഉപദേഷ്ടാവിന് തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രിയടക്കം സമ്മതിച്ചതുമാണ്. ആ വിവാദം കെട്ടടുങ്ങുന്നതിന് പിന്നാലെയാണ് കെഎസ്എഫ്ഇയിലെ റെയ്ഡ്.

Content Highlights:  Chief Minister pinarayi vijayan's Police Adviser Raman Srivastava-CPM leaders