തിരുവനന്തപുരം: പോലീസിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആരോപിച്ചു. 

ഏപ്രില്‍ 25ന് നല്‍കിയ 113 ചോദ്യങ്ങളില്‍ ഒന്നിനും മറുപടി ലഭിച്ചിട്ടില്ല. ചോദ്യോത്തര വേളയിലേക്ക് നല്‍കിയ ചോദ്യങ്ങള്‍ക്കാണ് മറുപടി ലഭിക്കാത്തത്. ചില ചോദ്യങ്ങള്‍ക്ക് പരിശോധിക്കാം പഠിക്കട്ടെ തുടങ്ങിയ ചില മറുപടികള്‍ നല്‍കി ഒഴിഞ്ഞു മാറുകയാണെന്നും ചെന്നിത്തല സഭയില്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മാത്രമല്ല മുഖ്യമന്ത്രി മറുപടി പറയാത്തത്. പോലീസുമായി ബന്ധപ്പെട്ട് ഭരണകക്ഷി എംഎല്‍എമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും മറുപടി ലഭിക്കുന്നില്ല. ഇത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നും ചെന്നിത്തല പറഞ്ഞു.

പോലീസ് വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച സഭയിലെ ചര്‍ച്ചകള്‍ക്ക് എന്താണ് അര്‍ത്ഥമെന്നും അദ്ദേഹം ചോദിച്ചു. 

ആരോപണങ്ങള്‍ ഗൗരവതരമാണെന്നു വിലയിരുത്തിയ സ്പീക്കര്‍ ഇക്കാര്യം പരിശോധിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി. കാര്യം പരിശോധിച്ച ശേഷം വേണ്ടത് ചെയ്യുമെന്ന് മുഖ്യമന്ത്രിയും മറുപടി നല്‍കി.