പിണറായി വിജയൻ. Photo: Mathrubhumi Archives| Ridhin Damu
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
കോട്ടയത്ത് ആറുപേര്‍ക്കും ഇടുക്കിയില്‍ നാലുപേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ തമിഴ്‌നാട്ടില്‍നിന്നു വന്നവരാണ്. ഒരാള്‍ വിദേശത്തുനിന്ന് വന്നതാണ്. ഒരാള്‍ക്ക് രോഗബാധ എങ്ങനെയുണ്ടായി എന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ള ആറുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.
ഇന്ന് 13 പേരുടെ ഫലം നെഗറ്റീവായിട്ടുണ്ട്. കണ്ണൂരില്‍ ആറുപേര്‍ക്കും കോഴിക്കോട്ട് നാലുപേര്‍ക്കും തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് നെഗറ്റീവായത്. ഇതുവരെ 481 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 123 പേര്‍ ചികിത്സയിലാണ്.
20,301 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 19,812 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 489 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്. ഇന്നു മാത്രം 104 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 23,271 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 22,537 എണ്ണത്തില്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ളവര്‍ തുടങ്ങി ഇത്തരത്തില്‍ മുന്‍ഗണനാ ഗ്രൂപ്പില്‍നിന്ന് 875 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ 611 സാമ്പിളുകള്‍ നെഗറ്റീവായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് പരിശോധന വ്യാപകമാക്കണമെന്ന് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി 3,056 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്നലെയും ഇന്നുമായി കോട്ടയത്തും ഇടുക്കിയിലും കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായ പശ്ചാത്തലത്തില്‍ ഈ ജില്ലകളെ റെഡ് സോണായി പ്രഖ്യാപിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, ഇരട്ടയാര്‍ എന്നീ പഞ്ചായത്തുകളും കോട്ടയം ജില്ലയിലെ അയ്മനം, വെള്ളൂര്‍, അയര്‍ക്കുന്നം, തലയോലപ്പറമ്പ് എന്നീ പഞ്ചായത്തുകളും ഹോട്ട്‌സ്‌പോട്ടുകളാണ്.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..