തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുപേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 32 ആയി.

പോസിറ്റീവായതില്‍ മൂന്നുപേര്‍ മലപ്പുറം സ്വദേശികളാണ്. പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ നാലുപേര്‍ വിദേശത്തുനിന്നു വന്നതാണ്. ഒരാള്‍ ചെന്നൈയില്‍നിന്ന് വന്നതാണ്. സംസ്ഥാനത്ത് ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല.

ഇതുവരെ 524 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 32 പേര്‍ നിലവില്‍ ചികിത്സയിലാണ്. 31,616 പേരാണ് നിരീക്ഷണത്തിലുള്ളത്. 31,143 പേര്‍ വീടുകളിലും 473 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. 95 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.

ഇതുവരെ 38,547 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 37,727 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 3914 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3894 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് 34 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം,ആലപ്പുഴ,ഇടുക്കി ജില്ലകളില്‍ നിലവില്‍ ആരും കോവിഡ്-19ന് ചികിത്സയിലില്ല. മലപ്പുറം സ്വദേശിയായ വ്യക്തിയാണ് കോഴിക്കോട് ചികിത്സയിലുള്ളത്.

നിലവിലെ 32 രോഗബാധിതരില്‍ 23 പേര്‍ക്ക് വൈറസ് ബാധിച്ചത് കേരളത്തിനു പുറത്തുനിന്നാണ്. ചെന്നൈയില്‍നിന്ന് വന്ന ആറുപേര്‍, മഹാരാഷ്ട്രയില്‍നിന്ന് വന്ന നാലുപേര്‍, നിസാമുദ്ദീനില്‍നിന്ന് വന്ന രണ്ടുപേര്‍, വിദേശത്തുനിന്ന് വന്ന 11 പേര്‍ എന്നിങ്ങനെയാണിത്.

ഒമ്പതുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ആറുപേര്‍ വയനാട്ടിലാണുള്ളത്. ചെന്നൈയില്‍ പോയി വന്ന ട്രക്ക് ഡ്രൈവറുടെ കുടുംബത്തിലെ മൂന്നുപേര്‍, സഹഡ്രൈവറുടെ മകന്‍, സമ്പര്‍ക്കം പുലര്‍ത്തിയ മറ്റു രണ്ടുപേര്‍ക്ക് എന്നിങ്ങനെയാണിത്. വയനാടിനു പുറത്ത് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ മൂന്നുപേര്‍ ഗള്‍ഫില്‍നിന്ന് വന്നവരുടെ ബന്ധുക്കളാണ്. 

സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന്റെ തോത് സങ്കല്‍പതീതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട്ട് ഒരാളില്‍നിന്ന് 22 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. കണ്ണൂരില്‍ ഒരാളില്‍നിന്ന് ഒമ്പതുപേര്‍ക്കും വയനാട്ടില്‍ ആറുപേര്‍ക്കുമാണ് രോഗം പടര്‍ന്നത്. സംസ്ഥാനത്ത് ഇതുവരെ 70% പേര്‍ക്ക് പുറത്തുനിന്നും 30% പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ കൂടുതല്‍ വിവരങ്ങള്‍ക്ക് Click

content highlights: Chief minister pinarayi vijayan press meet over corona cases in kerala