തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കോടതി വിധി നടപ്പാക്കുമെന്നും നിയമനിര്‍മ്മാണം ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നയം. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. അത്തരക്കാര്‍ക്കെതിരെ ശക്തമായ ഇടപെടല്‍ ഉണ്ടാകും. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

യുവതികളെ തടയുന്ന രീതി ഇന്ന് ഉണ്ടായി എന്നറിഞ്ഞു. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. വാഹന പരിശോധന ആര്‍ക്കും നടത്താനുള്ള അനുമതിയൊന്നുമില്ല. വിശ്വാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. അതിന് തടസം നില്‍ക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ല. ദേവസ്വം ബോര്‍ഡിന്റെ കാര്യം ദേവസ്വം ബോര്‍ഡാണ് തീരുമാനിക്കുന്നത്.

സര്‍ക്കാര്‍ ഒരു പുനപ്പരിശോധനാ ഹര്‍ജിക്കുമില്ല. സര്‍ക്കാര്‍ നിലപാട് കോടതിയില്‍ വ്യക്തമാക്കിയതാണ്. സര്‍ക്കാര്‍ നിലപാട് പുരുഷനും സ്ത്രീയും തുല്യരാണ് എന്നതാണ്. കോടതി പറയുന്നത് അംഗീകരിക്കലാണ് സര്‍ക്കാരിന്റെ ചുമതലയെന്നും പിണറായി വ്യക്തമാക്കി.