തിരുവനന്തപുരം: കോവിഡ് ടെസ്റ്റ് സൗകര്യമുള്ള രാജ്യങ്ങളില്‍നിന്നു വരുന്ന എല്ലാ പ്രവാസികളും ടെസ്റ്റ് നടത്തുന്നതിന് ആത്മാര്‍ഥമായി ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണമെന്നും യാത്രാസമയത്തിന് 72 മണിക്കൂറിനകത്തായിരിക്കണം കോവിഡ് ടെസ്റ്റ് നടത്തേണ്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു.
"ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. യാത്രാസമയത്തിന് 72 മണിക്കൂറിനകത്തായിരിക്കണം ടെസ്റ്റ് നടത്തേണ്ടത്. അതായത് ടെസ്റ്റ് റിപ്പോര്‍ട്ടിന്റെ സാധുത 72 മണിക്കൂറായിരിക്കും. എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രതാ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വിവരം നല്‍കണം. എത്തിച്ചേരുന്ന വിമാനത്താവളത്തില്‍ സംസ്ഥാന ആരോഗ്യ വിഭാഗത്തിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സ്‌ക്രീനിങ്ങിന് എല്ലാവരും വിധേയരാകണം. രോഗലക്ഷണമുള്ളവരെ മാറ്റിനിര്‍ത്തുകയും കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റുകയും ചെയ്യും.
വിദേശത്ത് ടെസ്റ്റിന് വിധേയമാവാത്ത എല്ലാ യാത്രക്കാരും അവര്‍ക്ക് രോഗലക്ഷണമില്ലെങ്കില്‍ കൂടി വിമാനത്താവളത്തില്‍ എത്തുമ്പോള്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് വിധേയമാവണം. ടെസ്റ്റില്‍ പോസിറ്റീവാകുന്നവര്‍ ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ ജീന്‍ എക്‌സ്പ്രസ് അല്ലെങ്കില്‍ ട്രൂനാറ്റ് ടെസ്റ്റിന് വിധേയമാവണം. ടെസ്റ്റ് ഫലം എന്തായാലും 14 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ പോവണം. എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്‍95 മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, കയ്യുറ എന്നിവ ധരിക്കണം. കൈകള്‍ അണുവിമുക്തമാണെന്ന് ഉറപ്പാക്കാന്‍ ഇടക്കിടെ സാനിറ്റൈസര്‍ ഉപയോഗിക്കണം.
ഖത്തറില്‍ നിന്നുവരുന്നവര്‍ ആ രാജ്യത്തിന്റെ എത്തറാസ് എന്ന മൊബൈല്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവരാവണം. ഇവിടെയെത്തുമ്പോള്‍ കോവിഡ് ടെസ്റ്റിന് വിധേയമാവണം. യുഎഇയില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കാരണം രാജ്യത്തിനു പുറത്തേക്ക് വിമാനമാര്‍ഗ്ഗം പോകുന്ന എല്ലാവരേയും യുഎഇ ആന്റിബോഡി ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്. ഒമാന്‍, ബഹ്‌റിന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ എന്‍95 മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, കയ്യുറ എന്നിവ നിർബന്ധമായും ധരിക്കണം. ഒപ്പം സാനിറ്റൈസറും കരുതണം.
സൗദിയില്‍നിന്ന് വരുന്നവര്‍ എന്‍95 മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, കയ്യുറ എന്നിവ ധരിച്ചാല്‍ മാത്രം പോര അവര്‍ പി.പി.ഇ. കിറ്റും ധരിച്ചിരിക്കണം. കുവൈറ്റില്‍ നിന്ന് ടെസ്റ്റ് ചെയ്യാതെ വരുന്നവരും പിപിഇ കിറ്റ് ധരിച്ചിരിക്കണം. വിമാനത്താവളത്തിലെത്തിയാല്‍ ഇരു രാജ്യങ്ങളിലുള്ളവരും കോവിഡ് ടെസ്റ്റിന് വിധേയമാവണം. ആരോഗ്യ വിഭാഗം അനുവദിച്ച ശേഷമേ അവര്‍ വിമാനത്താവളങ്ങളില്‍ നിന്ന് പുറത്തു കടക്കാവൂ", എന്നും മുഖ്യമന്ത്രി അറിയിച്ചു.
content highlights: Chief minister Pinarayi Vijayan Press conference on Pravasi protection gears