കള്ളപ്പണ വളര്‍ച്ചയ്ക്ക് മണ്ണൊരുക്കിയത് കോണ്‍ഗ്രസ്, ബിജെപി പ്രോത്സാഹിപ്പിച്ചു-പിണറായി


പിണറായി വിജയൻ| Photo: Mathrubhumi Library

തിരുവനന്തപുരം: കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും വിമര്‍ശിച്ചും കൊടകര കുഴല്‍പ്പണ കേസില്‍ ഗൗരവമായ അന്വേഷണമാണ് നടക്കുന്നതെന്ന് വ്യക്തമാക്കിയും മുഖ്യമന്ത്രി പിണറായി വിജയന്‍. കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കല്‍, അന്വേഷണം വഴിതിരിച്ചുവിടല്‍, രാഷ്ട്രീയ പ്രതിയോഗികളെ തേജോവധം ചെയ്യല്‍ എന്നീ ലക്ഷ്യങ്ങളോടെ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ പ്രൊഫഷണലിസമില്ലാത്ത അന്വേഷണത്തെ ന്യായീകരിച്ചു നടന്ന കോണ്‍ഗ്രസും ബി.ജെ.പിയും സൃഷ്ടിച്ച പുകമുറയ്ക്കു പിന്നിലാണ് കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ആഭിമുഖ്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് നടന്ന സ്രോതസ്സ് വെളിപ്പെടുത്താന്‍ കഴിയാത്ത പണത്തിന്റെ ഒഴുക്കെന്ന് അദ്ദേഹം പറഞ്ഞു.

ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിയുകയും വ്യാജപ്രചരണങ്ങളെ തള്ളിക്കളയുകയും ചെയ്തുവെന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയാണ്. സ്വാതന്ത്രലബ്ധിക്കു ശേഷമുള്ള ഇന്ത്യയില്‍ ജനാധിപത്യ വ്യവസ്ഥയ്ക്കു മേല്‍ വന്‍തോതിലുള്ള അഴിമതി പരത്തിയ കരിനിഴലും കള്ളപ്പണം നമ്മുടെ സാമ്പത്തിക അസമത്വങ്ങളെ വര്‍ധിപ്പിക്കുന്നതും തുറന്നുകാട്ടാന്‍ നിരന്തരം സമരങ്ങളില്‍ ഏര്‍പ്പെട്ടത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. കള്ളപ്പണത്തിന്റെ വളര്‍ച്ചയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കിയ കോണ്‍ഗ്രസും അതിനെ പൂര്‍വാധികം ശക്തിയായി പ്രോത്സാഹിപ്പിക്കുന്ന ബിജെപിയും ഒന്നിച്ചാണ് കേരളത്തില്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളെ താറടിക്കാന്‍ ശ്രമിക്കുന്നത് എന്നത് കേവലം യാദൃശ്ചികമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കള്ളപ്പണത്തിന്റെ വളര്‍ച്ച തടയുകയും നികുതി സംവിധാനം ശാക്തീകരിക്കുകയും അതുവഴി പൊതുഖജനാവിലെത്തുന്ന പണം പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിന് വിനിയോഗിക്കുകയും ചെയ്യണം എന്നതാണ് ഇടതുപക്ഷ മുന്നണിയുടെ ശക്തമായ നിലപാട്. ഈ കേസുമായി ബന്ധപ്പെട്ട് ഗൗരവമായ അന്വേഷണമാണ് നടക്കുന്നത്. നടക്കാന്‍ പാടില്ലാത്ത കുറ്റകൃത്യമാണ് നടന്നതെന്നും അതിനെതിരെയുള്ള ശക്തമായ നടപടിയുമായാണ് പോലീസ് നീങ്ങുന്നത്. അതിന്റെ ഭാഗമായാണ് എസ്.ഐ.ടി അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരവധി പേരെ പോലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ പാടില്ലെന്ന വിധത്തിലാണ് അന്വേഷണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ മറുപടിയിലെ​ പ്രധാന പരാമര്‍ശങ്ങള്‍

കള്ളപ്പണത്തിന്റെ വ്യാപനത്തെക്കുറിച്ച് പറയുമ്പോള്‍ സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഇന്ത്യയില്‍ കള്ളപ്പണത്തിന്റെ വ്യാപനം വലിയ തോതില്‍ നടന്നുവെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്താനും നിര്‍ദേശം സമര്‍പ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ പലസമിതികളെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ ആദ്യത്തേതാണ് നിക്കോളാസ് കല്‍ദോര്‍ കമ്മിറ്റി. പിന്നാലെ വാഞ്ചോ കമ്മിറ്റി. 1800 കോടി രൂപയാണ് 1968-69-ല്‍ ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നതെന്ന് വാഞ്ചോ കമ്മിറ്റി കണ്ടെത്തി.

ഇതിനു ശേഷം 84-ല്‍ കള്ളപ്പണത്തെ പറ്റി പഠനം നടത്താന്‍ കേന്ദ്ര ധനമന്ത്രാലയം മറ്റൊരു കമ്മിറ്റിയെ നിയോഗിച്ചു. അവരുടെ കണ്ടെത്തല്‍ പ്രകാരം ഇന്ത്യയുടെ ആഭ്യന്തര വരുമാനത്തിന്‌റെ 21 ശതമാനത്തോളം കള്ളപ്പണം വരുമെന്നായിരുന്നു. അതായത് 48,422 കോടി രൂപയാണ് 1983-84ല്‍ കള്ളപ്പണമായി ഇന്ത്യാ സര്‍ക്കാരിന്റെ സമിതി തന്നെ അനുമാനിച്ചത്. അതിനുശേഷം 2013-14ല്‍ 162 രാജ്യങ്ങളിലെ നിഴല്‍ സമ്പദ്ഘടനയെ കുറിച്ച് പഠനം നടത്തിയ സാമ്പത്തിക വിദഗ്ധര്‍ കണ്ടെത്തിയത് 2013-14-ല്‍ ഇന്ത്യയില്‍ കള്ളപ്പണത്തിന്റെ തോത് ആഭ്യന്തര വരുമാനത്തിന്റെ 22 ശതമാനം ആണെന്നാണ്. ആഭ്യന്തര വരുമാനം വളരുന്ന സംഖ്യ ആയതിനാല്‍ 2013-14ല്‍ കള്ളപ്പണത്തിന്റെ കണക്ക് 25.53 ലക്ഷം കോടിയയായണ് കണക്കാക്കിയത്. സമ്പദ്ഘടനയുടെയും നികുതി വരുമാനത്തിന്റെയും വളര്‍ച്ച വലിയ വേഗം കൈവരിച്ചിട്ടില്ലെങ്കില്‍ പോലും കള്ളപ്പണത്തിന്റെ വളര്‍ച്ച അഭൂതപൂര്‍വമായ ഗതിവേഗമാണ് രേഖപ്പെടുത്തിയത്.

1968-84 വരെ 25 ഇരട്ടി വളര്‍ന്ന കള്ളപ്പണം, 2013-14ല്‍ അന്‍പത് ഇരട്ടിയാണ് വളര്‍ന്നത്. ഇതെല്ലാം തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നതിനും ഭൂമിയിലെയും ഓഹരിവിപണിയിയിലെയും ഊഹക്കച്ചവടത്തിനുമാണ് ഉപയോഗിക്കപ്പെട്ടത്. ചുരുക്കത്തില്‍ ജനാധിപത്യ വ്യവസ്ഥയുടെ അന്തഃസത്തയെ ചോര്‍ത്തിക്കളയുന്ന രീതിയിലാണ് കള്ളപ്പണത്തിന്റെ അതിവേഗ വളര്‍ച്ചയുണ്ടായത്. ഉദാരവല്‍ക്കരണവും നിയന്ത്രണങ്ങള്‍ നീക്കം ചെയ്യലും കള്ളപ്പണം താനെ ഇല്ലാതാകുന്നതിന് കാരണമാകുമെന്നാണ് അക്കാലത്തെല്ലാം അധികാരത്തിലുണ്ടായിരുന്ന സര്‍ക്കാരുകള്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത് മറിച്ചാണ്. കോഴയിടപാടുകളും പൊതുമുതല്‍ കൊള്ളയടിക്കലും വന്‍തോതില്‍ കള്ളപ്പണത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായിത്തീരും. ഇങ്ങനെ ഉത്ഭവിക്കുന്ന കള്ളപ്പണത്തിന്റെ ഒരു ഭാഗം വിദേശത്തേക്ക് പോകുന്നത് പിന്നീട് ഹവാല പണമായി തിരിച്ചുവരുന്നതും പരക്കെ അറിയപ്പെടുന്ന വസ്തുതയുമാണ്.

ഇത്തരത്തില്‍ വിദേശത്തേക്ക് കടത്തിയ കള്ളപ്പണം കണ്ടെത്തി രാജ്യത്തേക്ക് കൊണ്ടുവരുമെന്നും സാധാരണക്കാരന് ആളോഹരി 15 ലക്ഷം രൂപയുടെ ഗുണം ലഭിക്കുമെന്നുമാണ് ബിജെപി 2014ലെ തിരഞ്ഞെടുപ്പു കാലത്ത് പ്രചരിപ്പിച്ചത്. അധികാരത്തില്‍ വന്ന് നൂറുദിവസത്തിനുള്ളില്‍ വിദേശത്തുനിന്ന് കള്ളപ്പണം നാട്ടിലെത്തിക്കുമെന്നായിരുന്നു വാഗ്ദാനം. കണ്ടുകെട്ടിയ എത്ര കള്ളപ്പണം നാട്ടിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന് ഇന്നുവരെ ജനങ്ങളോടു പറയാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തിരിച്ചുകൊണ്ടുവന്ന പണത്തില്‍നിന്ന് ആര്‍ക്കും ഒരു പൈസകിട്ടിയതായി അറിവുമില്ല. 2011-ല്‍ യുപിഎ രണ്ടാം സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയിലെ കള്ളപ്പണത്തിന്റെ തോത് എത്രയാണെന്ന് കണക്കാക്കാനും പരിഹാരം നിര്‍ദേശിക്കാനും മൂന്ന് സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിരുന്നു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനന്‍സ് ആന്‍ഡ് പോളിസി, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എക്കണോമിക് റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് എന്നിവയായിരുന്നു ഈ സ്ഥാപനങ്ങള്‍. ഇവ മൂന്ന് റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ആദ്യത്തെ റിപ്പോര്‍ട്ട് 2013 ഡിസംബര്‍ 30-നാണ്. മറ്റ് രണ്ടു റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചത് ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ്. ഈ മൂന്ന് റിപ്പോര്‍ട്ടുകളും പൊതുമണ്ഡലത്തില്‍വെക്കാന്‍ രണ്ട് സര്‍ക്കാറുകളും തയ്യാറായിട്ടില്ല. സുതാര്യത ഇല്ലായ്‌യ്ക്ക് ഇതില്‍ പരം ഉദാഹരണം ആവശ്യമില്ല. റിപ്പോര്‍ട്ടുകള്‍ പുറത്തുവരാത്തതിന് കാരണം സമ്പദ് വ്യവസ്ഥയിലെ കള്ളപ്പണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നെന്ന കണ്ടെത്തലുകളാണെന്ന് പത്ര റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

2016 നവംബര്‍ എട്ടിന് നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോടു പറഞ്ഞത് കള്ളപ്പണം ഇല്ലായ്മ ചെയ്യാനുള്ള സാമ്പത്തിക ശസ്ത്രക്രിയ എന്നാണ്. കറന്‍സിയുടെ ചംക്രമണം കുറയുമ്പോള്‍ കള്ളപ്പണം കുറയുമെന്നും നമ്മുടെ സമ്പദ്ഘടനയില്‍ ആഭ്യന്തര വരുമാനത്തിന്റെ 12 ശതമനം കറന്‍സിയാണെന്നും ഇത് ആറുശതമാനമാക്കി കുറയ്ക്കാന്‍ കഴിയുമെന്നും നോട്ട് നിരോധനം ഈ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമാണെന്നുമാണ് കേന്ദ്രം പറഞ്ഞത്. എന്നാല്‍ നോട്ട് നിരോധനത്തിനു ശേഷം അഞ്ചുവര്‍ഷം കഴിയാന്‍ പോകുന്നു. കറന്‍സി ആഭ്യന്തരവരുമാനത്തിന്റെ 14 ശതമാനമാണ് ഇപ്പോള്‍. അസംഘടിത മേഖലയ്ക്കും സാധാരണക്കാരനും ധാരാളം ദുരന്തം വിതച്ചത് ഒഴിച്ചാല്‍ എന്താണ് നോട്ട് നിരോധനം വഴി കൈവരിക്കാന്‍ കഴിഞ്ഞതെന്ന് നാം പരിശോധിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഇടപെടല്‍ ജനാധിപത്യത്തെ അട്ടിമറിക്കലാണെന്നത് ആരും എടുത്തുപറയേണ്ട കാര്യമില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിങ്ങില്‍ സുതാര്യത വേണമെന്ന ആവശ്യം പലകോണില്‍നിന്നും ഉയര്‍ന്നുവരവേ അതിനെ പരിഹസിക്കുന്ന രീതിയിലാണ് ഇലക്ടറല്‍ ബോണ്ടുകള്‍ പുറപ്പെടുവിക്കാന്‍ കേന്ദ്രം നിയമനിര്‍മാണം നടത്തിയത്. കള്ളപ്പണം ആവശ്യത്തിന് തിരഞ്ഞെടുപ്പില്‍ ഒഴുകിയെത്താന്‍ എല്ലാവിധ സൗകര്യങ്ങളും ചെയ്യുന്നതാണ് ഈ നിയമനിര്‍മാണം-മുഖ്യമന്ത്രി പറഞ്ഞു

content highlights: chief minister pinarayi vijayan on kodakara black money case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented