കണ്ണൂര്‍: ജോസ് കെ മാണിയുടെ വിവാദ ലൗ ജിഹാദ് പരാമര്‍ശത്തെ കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെ പറഞ്ഞത് താന്‍ കേട്ടിട്ടില്ല. അക്കാര്യത്തെ കുറിച്ച് ജോസ് കെ മാണിയോടു തന്നെ ചോദിക്കണമെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസ്ഥാനം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമല്ലേ എന്ന ചോദ്യത്തിന് അങ്ങനെ അല്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഒരു കേന്ദ്ര ഏജന്‍സി പ്രവര്‍ത്തിക്കേണ്ടത് നിയമപ്രകാരമാണ്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. ചില ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി ഇവിടെ പ്രവര്‍ത്തിച്ചിരിക്കുന്നു. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നതിന് തെളിവുകള്‍ അടക്കം വരികയാണ്. ഈ തെളിവുകളോട കാര്യങ്ങള്‍ വന്നിട്ടും ഒരു നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യത്ത് അതിനെതിരെ ഒരു പ്രതികരണവും ഉണ്ടാകുന്നില്ല എന്നു വന്നാല്‍ എത്ര മാത്രം അപഹാസ്യം ആകുമത്-മുഖ്യമന്ത്രി ആരാഞ്ഞു. 

സ്വാഭാവികമായി ഇതിന്റെ ഉള്ളറകളിലേക്ക് പോകേണ്ടതുണ്ട്. എല്ലാ കാര്യങ്ങളും പുറത്തുവരേണ്ടതുണ്ട്. അങ്ങനെ പുറത്തുവരുന്നത് എന്താണ് നല്ലത്? ഒരു ഭാഗം നിയമപരമായ നടപടികള്‍ അതിന് സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ അതിന് ഇടയാക്കിയ മറ്റുവശങ്ങള്‍ പുറത്തു വരേണ്ടതുണ്ട്. ആ കാര്യങ്ങള്‍ പുറത്തുവരാന്‍ ഏറ്റവും നല്ലത് ജുഡീഷ്യല്‍ അന്വേഷണം ആണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അതിന് തയ്യാറായത്. ഒരു നിയമവിരുദ്ധ നടപടിയും അതിലില്ല. ഒരു ഫെഡറല്‍ തത്വത്തിന്റെ ലംഘനവുമില്ല- അദ്ദേഹം പറഞ്ഞു.  

സ്പീക്കറെ പോലെ ഒരാളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ ഒരു ഇടപെടല്‍ അന്വേഷണ ഏജന്‍സിയില്‍നിന്ന് ലൈഫ് മിഷനെതിരെ വന്നു. അതുമായി ബന്ധപ്പെട്ട് നിയമസഭയുടെ അവകാശമാണ് ലംഘിക്കുന്നതെന്ന് എന്ന നിലപാട് എടുത്തുകൊണ്ട് ചില നിയമസഭാംഗങ്ങള്‍ അതിന്റെ പ്രിവിലേജ് പ്രശ്‌നം ഉന്നയിച്ചു. പ്രിവിലേജ് കമ്മിറ്റി ആ പ്രശ്‌നം എടുത്തു. പ്രിവിലേജ് കമ്മിറ്റിക്ക് അതിന് അവകാശമുണ്ട്. പക്ഷെ ഇവര് കണ്ടത് ഇതിന്റെയെല്ലാം മൂലകാരണക്കാരന്‍ സ്പീക്കര്‍ ആണെന്നാണ്. എന്നാല്‍ നിങ്ങളെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ മറ്റു കാര്യം എന്ന തരത്തില്‍ ഇല്ലാക്കഥകള്‍ അങ്ങ് തുടങ്ങുകയാണ്. എന്തെല്ലാമായിരുന്നു പ്രചരിപ്പിച്ചത്. ഗോസിപ്പുകളല്ലേ പുറത്തുവിട്ടിരുന്നത്. ഇപ്പോള്‍ എവിടെ എത്തി. ഇങ്ങനെയൊന്നും ഞങ്ങളുടെ പൊതുജീവിതത്തെ അങ്ങ് തകര്‍ത്തുകളയാമെന്ന് കരുതേണ്ടെന്ന് ഞങ്ങള്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. യഥാര്‍ഥ കാരണം ഇതാണ്: അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പ്രിവിലേജ് പ്രശ്‌നം നിയമസഭ എടുത്തു എന്ന് വന്നപ്പോള്‍, നിയമസഭയുടെ സ്പീക്കര്‍ ആയാല്‍പോലും നിങ്ങളെ വിടില്ല എന്ന നിലപാടിലേക്ക് ഏജന്‍സിയും അതിലെ ചില ഉദ്യോഗസ്ഥരും എത്തി എന്നാണ് കാണാന്‍ കഴിയുക. അതിന് ആവശ്യമായ രാഷ്ട്രീയ പരിരക്ഷ ബി.ജെ.പിയുടെ ചില കേന്ദ്രങ്ങള്‍ നല്‍കിയിട്ടുമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ശബരിമലയില്‍നിന്ന് വോട്ട് അടര്‍ന്നുവീഴില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് ഫലിച്ചില്ല. വെറുതെ പറഞ്ഞിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

content highlights: chief minister pinarayi vijayan on jose k mani's love jihad remark