കണ്ണൂര്‍: ഇ.എം.സി.സി. വിവാദം മറികടക്കാന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസ് വീണ്ടും ഉയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന വിദേശികള്‍ക്ക് സഹായം ചെയ്തത് കോണ്‍ഗ്രസ് ആണ്. കേസ് ഇല്ലാതാക്കിയത് ബി.ജെ.പിയാണ്. ഓലപ്പാമ്പ് കാണിച്ചു പേടിപ്പിക്കേണ്ടെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

"നമ്മുടെ പാവം മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന് വിദേശികള്‍ക്ക് രക്ഷപ്പെടാനുള്ള മാര്‍ഗം ഒരുക്കിയത് കോണ്‍ഗ്രസ് ആയിരുന്നു. ആ വിദേശികള്‍ക്ക് ശിക്ഷ ലഭിക്കാതിരുന്നതിന് കാരണക്കാരും കേന്ദ്രത്തില്‍ ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്ന ബി.ജെ.പി. കൂടിയാണ്", മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പു രാഷ്ട്രീയം വിട്ടുവെന്ന മന്ത്രി ഇ.പി. ജയരാജന്റെ പ്രസ്താവനയോടും മുഖ്യമന്ത്രി പ്രതികരിച്ചു. 'ഇ.പി. ജയരാജന്‍ എന്തോ ചോദ്യത്തിന് ഉത്തരമായി പറഞ്ഞതാണത്. കമ്യൂണിസ്റ്റുകാര് കമ്യൂണിസ്റ്റ് നേതാക്കന്മാര് അവര്‍ക്കെല്ലാം വ്യക്തിപരമായ അഭിപ്രായം ഉണ്ടാകും. ആ അഭിപ്രായങ്ങള്‍ പാര്‍ട്ടി എല്ലായ്‌പ്പോഴും മാനിക്കാറുമുണ്ട്. എന്നാല്‍ അവസാനതീരുമാനം പാര്‍ട്ടി എടുക്കും. ആ തീരുമാനം എല്ലാവരും അനുസരിക്കുകയും ചെയ്യും. ഇതാണ് ഞങ്ങളുടെ പൊതുരീതി'യെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഒരു കരാറും ഒപ്പിട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. താത്പര്യമുണ്ട് എന്നറിയിക്കുന്ന ധാരണാപത്രം റദ്ദാക്കിയിട്ടുണ്ട്. ധാരണാപത്രം റദ്ദാക്കിയിട്ടില്ലെന്ന് പ്രചരിപ്പിക്കുന്നത് തീരദേശത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ചേര്‍ത്തലയില്‍ ഇ.എം.സി.സിക്ക് സ്ഥലം അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

content highlights: chief minister pinarayi vijayan on emcc mou