തിരുവനന്തപുരം: കശുവണ്ടി കോര്‍പറേഷന്‍ അഴിമതി കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐ. അനുമതി തേടിയപ്പോള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ച നടപടിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപ്പട്ടികയിലുള്ളവര്‍ നിരപരാധികളാണെന്ന് സര്‍ക്കാരിന് ബോധ്യമായതു കൊണ്ടാണോ അത്തരമൊരു നടപടിയെന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്യുന്നത് ആവശ്യമായ നിയമോപദേശം ലഭിച്ചതിനു ശേഷമാണ്. സി.ബി.ഐയുടെ കണ്ടെത്തലുകളുമായി ബന്ധപ്പെട്ട് വിശദമായ നിയമ പരിശോധന നടന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിലേക്ക് കടക്കുന്നത്. ആ നിയമ പരിശോധനയില്‍ സി.ബി.ഐ. കണ്ടെത്തിയ ഓരോ കാര്യവും ശരിയല്ലെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച ഉപദേശം. എതെങ്കിലും ഒരു കാര്യമല്ല. എല്ലാ കാര്യങ്ങളും തെറ്റാണെന്ന ഉപദേശമാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അത്തരമൊരു ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐക്ക് പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കുമായിരുന്നില്ല. അതിനാലാണ് അംഗീകാരം നല്‍കാത്തതെന്നും അദ്ദേഹം പറഞ്ഞു. കശുവണ്ടി അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍പ് സി.പി.എം. സമരം ചെയ്തിരുന്നുവെന്നും ആ സമരമൊന്നും വേണ്ടിയിരുന്നില്ലെന്ന് നിയമോപദേശത്തിനു ശേഷം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ തീരുമാനം എടുക്കുന്നത് സര്‍ക്കാരിനു ലഭിക്കുന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

content highlights: chief minister pinarayi vijayan on cashewnut board corruption case and cbi prosecution