തിരുവനന്തപുരം: 766 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തിവരുന്ന ശ്രീജിത്തിനെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കാണും. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ മുഖ്യമന്ത്രി ശ്രീജിത്തുമായി കൂടിക്കാഴച നടത്തുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

പാറശ്ശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ തന്റെ സഹോദരന്‍ മരിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ 766 ദിവസമായി ശ്രീജിത്ത് സമരം നടത്തി വന്നിരുന്നത്. 

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ ഒരുക്കമാണെന്ന് ശ്രീജിത്തും അറിയിച്ചു. എന്നാല്‍, സമരം അവസാനിപ്പിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.

ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജീവിന്റെ കസ്റ്റഡി മരണം സിബിഐ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കേന്ദ്ര പേഴ്‌സണല്‍ കാര്യമന്ത്രി ഇന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, എന്നാല്‍ ഉത്തരവിറങ്ങാതെ ശ്രീജിത്ത് സമരം അവസാനിപ്പിക്കില്ല എന്ന നിലപാടിലാണ്‌.

 

സിബിഐ അന്വേഷണം ഉറപ്പ് നല്‍കിയതായി എംപിമാരായ കെ.സി. വേണുഗോപാലും ശശി തരൂരുമാണ് അറിയിച്ചത്. അതേസമയം അന്വേഷണം ആരംഭിച്ച ശേഷം മാത്രമേ സമരം അവസാനിപ്പിക്കൂ എന്നാണ് ശ്രീജിത്ത് അറിയിച്ചത്.