പുത്തുമല പുനരധിവാസ പദ്ധതിയുടെ ശിലാസ്ഥാപനം കല്പറ്റ എംഎൽഎ സി കെ ശശീന്ദ്രൻ നിർവഹിക്കുന്നു. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ് കുമാർ, ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ് എന്നിവർ സമീപം. ഫോട്ടോ: പി ജയേഷ്.
കല്പറ്റ: പുത്തുമല പുനരധിവാസ പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. പ്രളയബാധിതരെ പുനരധിവസിപ്പിക്കാനായി മേപ്പാടി കോട്ടപ്പടി വില്ലേജിലെ പൂത്തകൊല്ലിയില്‍ മാതൃഭൂമി ചാരിറ്റബിള്‍ ട്രസ്റ്റ് വാങ്ങി നല്‍കിയ സ്‌നേഹഭൂമി എന്ന് പേരിട്ടിരിക്കുന്ന ഏഴേക്കര്‍ ഭൂമിയില്‍ 56 വീടുകളാണ് നിര്‍മിച്ച് നല്‍കുന്നത്.
മാതൃഭൂമിയുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. മാതൃഭൂമിക്ക് ഹൃദയപൂര്‍വ്വം ആശംസകളേകുന്നുവെന്നും എല്ലാവരും ഒത്തൊരുമിച്ചുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി സാധ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പ്രോജക്ട്-പുത്തുമല പുനരധിവാസ പദ്ധതി 'ഹര്‍ഷം'' എന്ന പേരിലാണ് അറിയപ്പെടുക. പദ്ധതിയിലെ 52 പ്ലോട്ടുകള്‍ക്ക് നറുക്കെടുപ്പിലൂടെ അവകാശികളെ കണ്ടെത്തിയിട്ടുണ്ട്. ആര്‍ക്കിടെക്ട് അസോസിയേഷന്റെ കോഴിക്കോട് ചാപ്റ്ററാണ് വീടുകളുടെ രൂപരേഖ തയ്യാറാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ വീടുകള്‍ നിര്‍മിക്കാനായി നാലു ലക്ഷം രൂപ വീതം നല്‍കും. സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണവും വീടുകളുടെ നിര്‍മാണത്തിനുണ്ട്. ഹെല്‍ത്ത് സെന്റര്‍, കമ്യൂണിറ്റി സെന്റര്‍, കുടിവെള്ള സൗകര്യം തുടങ്ങിയവ ഇവിടെയുണ്ടാകും.
റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ മുഖ്യാതിഥിയായി. രാഹുല്‍ഗാന്ധി എം.പിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കളക്ടര്‍ ഡോ. അദീല അബ്ദുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനാണ് പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തില്‍ 62 പേരുടെ വീടുകള്‍ പൂര്‍ണമായും നിരവധി പേരുടെ വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. ഇതില്‍ 56 പേര്‍ക്കാണ് മാതൃഭൂമി ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഭൂമിയില്‍ വീടുകള്‍ നിര്‍മിച്ച് നല്‍കുന്നത്. ദുരന്ത ബാധിതരില്‍ കുറച്ചുപേര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായം കൈപറ്റി സ്വന്തമായി സ്ഥലവും വീടും വാങ്ങാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു.
content highlights: Chief Minister Pinarayi Vijayan Inaugurated Snehabhumi Project
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..