തിരുവനന്തപുരം: ആര്‍എസ്എസിനെതിരെയും സംഘപരിവാറിനെതിരെയും രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തലശ്ശേരിയില്‍ സംഘപരിവാര്‍ ഉയര്‍ത്തിയത് കേരളത്തില്‍ കേള്‍ക്കരുതാത്ത മുദ്രവാക്യമാണ്. അത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴയില്‍ പി.കൃഷ്ണപിള്ള സ്മാരക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'തലശ്ശേരിയില്‍ ഒരു പ്രകടനം ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടന്നു. നമ്മുടെ കേരളത്തില്‍ നമുക്ക് കേള്‍ക്കാന്‍ കഴിയാത്ത മുദ്രാവാക്യങ്ങള്‍ കഴിഞ്ഞു. എന്താണ് ഇതിന്റെ ഉദ്ദേശ്യം. ഇത്തരമൊരു ചിന്ത ആളുകളുടെ മനസ്സിലേക്ക് കടത്തിവിടുകയാണ്. നമ്മള്‍ ഇടുന്ന വസ്ത്രത്തിന് നേരെയും കഴിക്കുന്ന ഭക്ഷണത്തിന് നേരെയും കടന്നാക്രമണം നടത്താനാണ് ശ്രമിക്കുന്നത്' മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തെ ആകെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടന്നുവരുന്ന കാലമാണിത്. കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത മതനിരപേക്ഷതയില്‍ ഊന്നിനില്‍ക്കുന്ന നാടാണ് എന്നതാണ്. ആര്‍എസ്എസ് പൂര്‍ണമായും വര്‍ഗീയതയില്‍ അഭിരമിക്കുന്നവരാണ്. വര്‍ഗീയയിലൂടെ വളരാന്‍ കഴിയുമെന്ന് ചിന്തിക്കുന്നവരാണ്. അതിനായി വര്‍ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളും ആശ്രയിക്കുന്നവരാണ്. അവര്‍ക്ക് ഇന്ത്യയില്‍ പലയിടത്തും അവരുടെ അജണ്ട അവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ നടപ്പാക്കാനായി. അതിന് കാരണം സമൂഹത്തിന്റെ പ്രത്യേകതയാണ്. കേരളത്തില്‍ അവര്‍ ഉദ്ദേശിക്കുന്നത് നടപ്പാന്‍ സാധിക്കാത്തതും മറ്റിടങ്ങളില്‍ അതിന് കഴിയുന്നതും ഇതിന്റെ ഭാഗമാണ്. ഒരു ഇടതുപക്ഷധാര കേരളത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. ഇടതുപക്ഷം ശക്തമായി ഇല്ലാത്ത സംസ്ഥാനങ്ങളില്‍ അതിവേഗതയില്‍ ബിജെപിക്ക് വളരാന്‍ സാധിക്കും. കോണ്‍ഗ്രസിനേയാണ് അവര്‍ക്ക് അവിടെ തുണയാകുന്നത്. കോണ്‍ഗ്രസ് അധികാരത്തിനായി വര്‍ഗീയതയോട് സമരസപ്പെടുന്നതാണ് കാണുന്നത്. സംഘപരിവാര്‍ നേതാക്കള്‍ ഉന്നയിക്കുന്ന അതേ വാദഗതികള്‍ തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. അവസരപാദരമായ കോണ്‍ഗ്രസിന്റെ നിലപാട് ബിജെപിക്ക് വളക്കൂറുണ്ടാക്കി. 

വര്‍ഗീയതയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ആര്‍എസ്എസ് കേരളത്തില്‍ ചില ശ്രമങ്ങള്‍ നടത്തുകയുണ്ടായി. എന്നാല്‍ അതൊന്നും വിജയം കണ്ടില്ല. ഇപ്പോള്‍ അവര്‍ കേന്ദ്രീകരിച്ചിരിക്കുന്നത് നമ്മുടെ പൊതു ആശയമണ്ഡലത്തെ വലിയ രീതിയില്‍ മലീമസമാക്കാനാണ്. ആളുകളില്‍ സംശയം സൃഷ്ടിച്ച് വര്‍ഗീയ പ്രചാരണം അഴിച്ചുവിടുക. ഏത് കാര്യത്തിലും വര്‍ഗീയത കടത്തിവിട്ട് മുന്നോട്ട്‌പോകുക. നമ്മുടെ രാജ്യവും മറ്റൊരു രാജ്യവും തമ്മില്‍ കളിച്ചാല്‍ ആ കളിയില്‍ ഒരുകൂട്ടര്‍ പരാജയപ്പെടും. ഒരു കൂട്ടര്‍ ജയിക്കും. സ്വാഭാവികമാണ്. ഇന്ത്യയും പാകിസ്താനും കളിച്ചാല്‍ ഇന്ത്യ പരാജയപ്പെട്ടാല്‍ അതിനെ വര്‍ഗീയവത്കരിക്കുക. അതിന്റെ ഭാഗമായി വര്‍ഗീയ വികാരം ആളിക്കത്തിക്കുക ഇതാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.