പിണറായി വിജയൻ | Photo: Mathrubhumi
തിരുവനന്തപുരം: യു.ഡി.എഫിനെയും കേന്ദ്രസര്‍ക്കാരിനെയും അതിരൂക്ഷമായി വിമര്‍ശിച്ചും സര്‍ക്കാര്‍ നേട്ടങ്ങള്‍ എടുത്തുപറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയന്‍. പാർലമെന്‍റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കരിയില പോലെ പറന്നുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
മരുമക്കത്തായം നിലനിന്ന ഘട്ടത്തിലെ അമ്മാവന്മാരെയാണ് കേന്ദ്രസർക്കാർ ഓര്‍മ്മിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ വരുമാനം എന്നു പയുന്നത് സംസ്ഥാനങ്ങളില്‍നിന്നു ചെല്ലുന്നതാണ്. സംസ്ഥാനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന വരുമാനത്തിന്റെ ഓഹരി സംസ്ഥാനത്തിനു കിട്ടാന്‍ കേന്ദ്രം കനിയണമെന്നതാണ് സ്ഥിതി. മരങ്ങളെല്ലാം വെട്ടിക്കളഞ്ഞു കാടു നിലനിര്‍ത്തണമെന്നു പറയുന്നതുപോലെയാണ് സംസ്ഥാനങ്ങളുടെ വരുമാനമെല്ലാം ഇല്ലാതാക്കി കേന്ദ്രത്തിനു ശക്തമാവാമെന്നു കരുതുന്നത്, അദ്ദേഹം വിമര്‍ശിച്ചു.
കേരളം ഒരു വികസന പദ്ധതി മുമ്പോട്ടുവെച്ചാല്‍ അതിനുവേണ്ടി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്താനല്ല, അതു മുടക്കാന്‍വേണ്ടി ശബ്ദമുയര്‍ത്താന്‍ മാത്രമാണ് കേരളത്തില്‍നിന്നുള്ള ഭൂരിപക്ഷം എം.പിമാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം ശ്വാസം മുട്ടിക്കുമ്പോള്‍ അതില്‍ നിന്നു രാഷ്ട്രീയ മുതലെടുപ്പു നടത്താമെന്നു കരുതുന്ന പ്രതിപക്ഷം നാടിന്റെ ദൗര്‍ഭാഗ്യമാണ്. കേരളം കടക്കെണിയിലാണെന്ന് വ്യാപകമായ കുപ്രചരണം ബോധപൂര്‍വ്വം നടത്തുകയാണ്.
ബുധനാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതിനായി മൂലധന ചിലവ് വര്‍ദ്ധിപ്പിക്കണമെന്ന് എടുത്തുപറയുന്നുണ്ട്. സാമ്പത്തിക സര്‍വേയിലും ഈ അഭിപ്രായത്തിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്. 2016 - 17 മുതല്‍ കേരളത്തില്‍ മൂലധന ചിലവ് വര്‍ദ്ധിപ്പിക്കാന്‍ സുദൃഢമായ കാല്‍വെയ്പ്പാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്‌ലൈന്‍, കൊച്ചി - ഇടമണ്‍ ഉള്‍പ്പെടെയുള്ള വൈദ്യുതി പ്രസരണ രംഗത്തെ വികസന പദ്ധതികള്‍ എന്നിങ്ങനെ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കട്ടപ്പുറത്തായിരുന്ന നിരവധി പദ്ധതികളെ ചലനാത്മകമാക്കിയതും പ്രാവര്‍ത്തികമാക്കിയതും എല്‍.ഡി.എഫ്. സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂലധന ചിലവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമാണ് കിഫ്ബി വഴി നടപ്പാക്കുന്ന പശ്ചാത്തല സൗകര്യ വികസന പരിപാടികള്‍. ഇപ്പോള്‍ ഈ വികസന പരിപാടികളെ ഏതെല്ലാം വിധത്തില്‍ തുരങ്കംവയ്ക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന് സര്‍വ്വാത്മനാ പിന്തുണ നല്‍കുകയാണ് കേരളത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയക്കെടുതിയില്‍ മുങ്ങിയ നാളുകളില്‍ കേന്ദ്രം നഷ്ടപരിഹാരം നിഷേധിച്ചെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പുറത്തുനിന്നുള്ള സഹായം സ്വീകരിക്കുന്നതില്‍നിന്ന് വിലക്കി. പ്രവാസിമലയാളികളുടെ സഹായം വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍ അതു പോയി വാങ്ങുന്നതില്‍ നിന്നുപോലും വിലക്കി. വൈകി അനുവദിച്ച നഷ്ടപരിഹാരത്തുകയാകട്ടെ, നഷ്ടത്തിന്റെ ചെറിയ ഒരു ഭാഗം നികത്താന്‍ പോലും പര്യാപ്തമല്ലാത്ത വിധത്തിലായിരുന്നു. ഈ നിലപാടുകള്‍ക്കെതിരെ നിങ്ങള്‍ ഒരക്ഷരം പറഞ്ഞോ എന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ആരാഞ്ഞു.
കേരളത്തിന്റെ വഴി ഒന്നൊന്നായി കേന്ദ്രം മുടക്കിയപ്പോള്‍ ഇവിടെനിന്ന് ലോകസഭയ്ക്കു പോയ 18 യു.ഡി.എഫ്. എം.പിമാര്‍ എന്താണു ചെയ്തതെന്നും മുഖ്യമന്ത്രി ആരാഞ്ഞു. ആ ചോദ്യം മുന്‍നിര്‍ത്തി യു.ഡി.എഫിനെ കേരളജനത കുറ്റവിചാരണ ചെയ്യാന്‍ പോവുന്ന ഘട്ടമാവാന്‍ പോവുകയാണു വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ തങ്ങളെ ചിലതു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു ജയിച്ചുപോയവര്‍ ചെയ്ത കാര്യങ്ങള്‍ ഓരോന്നും മുന്‍നിര്‍ത്തി ജനങ്ങള്‍ ചോദ്യങ്ങളുയര്‍ത്തും. ഓരോന്നിനും ഉത്തരം പറയിക്കും. ആ ജനരോഷക്കൊടുങ്കാറ്റില്‍ കരിയില പോലെ പറന്നുപോവും യു.ഡി.എഫ്, മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ക്രമസമാധാനത്തകര്‍ച്ചയില്ല, ഇവിടെയുള്ളത് പ്രതിപക്ഷത്തിന്റെ മനഃസമാധാനത്തകര്‍ച്ചയാണ്. അതിനാകട്ടെ, ഞങ്ങളുടെ കൈയില്‍ പ്രതിവിധിയൊന്നുമില്ല. പൊലിസിനെ അടിമുടി ശുദ്ധീകരിച്ച്, മര്‍ദ്ദനോപകരണം എന്ന നിലയില്‍ നിന്നു ജനസേവനോപകരണം എന്ന നിലയിലേക്കു മാറ്റുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമ്മ്യൂണിസ്റ്റു വിരുദ്ധവികാരം പടര്‍ത്തിയാല്‍ ഏതുവിധേനയും ജയിച്ചു കയറാമെന്ന പഴയ സ്ഥിതി രക്ഷയ്ക്കു വരുമെന്നു കരുതരുത്. ആ കാലം മാറി. 1950-കളിലെപ്പോലെ, കമ്മ്യൂണിസ്റ്റുവിരുദ്ധ മുന്നണി കെട്ടിപ്പൊക്കാമെന്നാണു നിങ്ങള്‍ കരുതുന്നതെങ്കില്‍ ഏഴു പതിറ്റാണ്ടുകൊണ്ടുണ്ടായ കേരളത്തിലെ രാഷ്ട്രീയമാറ്റം എന്തെന്നു നിങ്ങള്‍ക്കു മനസ്സിലായിട്ടില്ല എന്നേ പറയാനുള്ളു. കാലത്തിന്റെ രാഷ്ട്രീയ സ്വീകരണം മാറിയിരിക്കുന്നു എന്ന് കമ്യൂണിസ്റ്റു വിരുദ്ധതയുടെ കുടക്കീഴില്‍ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും വരാന്‍ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പ് ഓര്‍മ്മിപ്പിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: chief minister pinarayi vijayan criticises central government and udf
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..