പാലക്കാട്: കേരളത്തെ തകര്‍ക്കാന്‍ ആരൊക്കെ ശ്രമിച്ചാലും അത് മറികടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ നിങ്ങള്‍ അങ്ങനെ പുനര്‍നിര്‍മിക്കേണ്ട എന്ന നിലപാട് കാരണമാണ് മന്ത്രിമാര്‍ക്ക് കേന്ദ്രം വിദേശ യാത്രാനുമതി നിഷേധിച്ചതെന്നും പിണറായി ആരോപിച്ചു. 

പ്രളയത്തില്‍ അകപ്പെട്ട കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് വേണ്ടിയാണ് മന്ത്രിമാര്‍ വിദേശയാത്രയ്ക്ക് അനുമതി നേടിയത്. പ്രധാനമത്രിയോട് നേരില്‍ സംസാരിച്ച ശേഷമാണ് അപേക്ഷ നല്‍കിയത്. പക്ഷെ നിങ്ങള്‍ അങ്ങനെ കേരളത്തെ പുനര്‍നിര്‍മിക്കണ്ട എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. 

കേരളത്തിന്റെ മക്കള്‍ വിവിധ രാജ്യങ്ങളില്‍ ഉണ്ട്. അവരെ അവരാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച നാടിനെ സഹായിക്കാന്‍ വേണ്ടി നേരിട്ടുകണ്ട് അഭ്യര്‍ഥിക്കാന്‍ മന്ത്രിമാര്‍ പോകുമ്പോള്‍ അത് പാടില്ല എന്ന നിലപാട് എടുത്തതിന് എന്താണ് അര്‍ത്ഥം. കേരളത്തെ തകര്‍ക്കുക എന്നതാണ് ലക്ഷ്യം. 

മലയാളി എന്ന വികാരമുള്ളത് കൊണ്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധനസഹായം ഒഴുകുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസി സംഘടനയായ കല മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടിക്ക് നല്‍കുന്ന വി സാംബശിവന്‍ പുരസ്‌കാരം സമര്‍പ്പിക്കാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിക്കെതിരെ പട്ടാമ്പിയിലെ വേദിയിലേക്ക് കരിങ്കൊടി പ്രതിഷേധവുമായി എത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ നൂറ് മീറ്റര്‍ അകലെവച്ച് പോലീസ് തടഞ്ഞു.