പിണറായി വിജയൻ | Photo : ANI
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ-വ്യവസായ മേഖലകളുടെ പുരോഗതി ലക്ഷ്യമിട്ടാണ് ഒക്ടോബര്‍ മാസത്തിലെ മന്ത്രിമാരുടെ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫിന്‍ലന്‍ഡ്, നോര്‍വെ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, എന്നീ രാജ്യങ്ങളിലാണ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാരുടെ സംഘം പര്യടനം നടത്തുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ 14 വരെയാണ് സന്ദര്‍ശനപരിപാടി. പൊതുവിദ്യാഭ്യാസമന്ത്രി, ഫിഷറീസ് മന്ത്രി, വ്യവസായമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ സന്ദര്‍ശനസംഘത്തിലുണ്ടായിരിക്കും. വിദേശരാജ്യങ്ങളിലെ സന്ദര്‍ശനത്തിലൂടെയുള്ള പഠനത്തിലൂടെ സംസ്ഥാനത്തിന് നിരവധി നേട്ടങ്ങള്‍ ഉണ്ടായതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളവും ഫിന്‍ലന്‍ഡും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയെ കുറിച്ച് പഠിക്കുന്നതിനുമാണ് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അടക്കം ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫിന്‍ലന്‍ഡ് പ്രതിനിധികളുടെ സംഘം നേരത്തെ കേരളം സന്ദര്‍ശിച്ചിരുന്നു. ഇവരുടെ ക്ഷണപ്രകാരമാണ് ഈ സന്ദര്‍ശനം. ഫിന്‍ലന്‍ഡ് വിദ്യാഭ്യാസമന്ത്രി ലീ ആന്‍ഡേഴ്സിന്റെ ക്ഷണമനുസരിച്ച് മന്ത്രിസംഘം അവിടെയുള്ള പ്രീസ്‌കൂളുകളും സന്ദര്‍ശിക്കാനുദ്ദേശിക്കുന്നുണ്ട്. ഫിന്നിഷ് വിദ്യാഭ്യാസമാതൃക പ്രസിദ്ധമാണ്. അവരുടെ പഠനരീതികള്‍, അധ്യാപനപരിശീലനരീതികള്‍ തുടങ്ങിയവ പഠിക്കാന്‍ ഈ സന്ദര്‍ശനം സഹായകമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതുകൂടാതെ അവിടെയുള്ള പ്രമുഖ ബഹുരാഷ്ട്രകമ്പനികള്‍ സന്ദര്‍ശിച്ച് കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാനുള്ള സാധ്യതകളും കണ്ടെത്തും. പ്രമുഖ മൊബൈല്‍ നിര്‍മാണകമ്പനിയായ നോക്കിയയുടെ എക്സിക്യൂട്ടീവ് എക്സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിക്കാനും കമ്പനി മേധാവികളുമായി ചര്‍ച്ച നടത്താനുള്ള സാധ്യതകള്‍ കൂടി ഈ സന്ദര്‍ശനത്തിലൂടെ സാധ്യമാകും. ഇതോടൊപ്പെം സൈബര്‍ രംഗത്തെ സഹകരണത്തിനായി ഫിന്‍ലന്‍ഡിലെ വിവിധ ഐടി കമ്പനികളുമായി ചര്‍ച്ച നടത്തും.
ടൂറിസം മേഖലയിലേയും ആയുര്‍വേദരംഗത്തേയും സഹകരണം ആസൂത്രണം ചെയ്യാനായി വിവിധ കൂടിക്കാഴ്ചകള്‍ ഇതിനോടകം പ്ലാന്‍ ചെയ്തിട്ടുണ്ട്. മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുക എന്നതാണ് നോര്‍വെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഈ മേഖലയിലെ വാണിജ്യം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി നോര്‍വെ ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ മന്ത്രി ക്ഷണിച്ചിട്ടുണ്ട്. ഇതോടൊപ്പം നോര്‍വീജിയന്‍ ജിയോ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച് കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭ പ്രതിരോധ സാങ്കേതികവിദ്യകള്‍ പരിശോധിക്കാനും സാധിക്കും.
ഇംഗ്ലണ്ടും വെയില്‍സുമാണ് സന്ദര്‍ശിക്കുന്ന മറ്റുരണ്ടിടങ്ങള്‍. വെയില്‍സിലെ ആരോഗ്യമേഖല ഉള്‍പ്പെടെയുള്ള മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായി അവിടത്തെ ഫസ്റ്റ് മിനിസ്റ്ററുമായി കൂടിക്കാഴ്ച നടത്തും. ലണ്ടനില്‍ നടക്കുന്ന യൂറോപ്യന്‍ മേഖലയുടെ ഒരുദിവസം നീണ്ടുനില്‍ക്കുന്ന റീജണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. ഇതോടൊപ്പം കേരളത്തില്‍ ഗ്രാഫിന്‍ പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അവിടെയുള്ള ചില യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെടാനും സന്ദര്‍ശിക്കാനും ഉദ്ദേശിക്കുന്നുണ്ട്. കൂടാതെ പ്രാദേശിക വ്യവസായികളുമായി നിക്ഷേപസൗഹൃദസംഗമം സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നു. കൂടാതെ നമ്മുടെ ടൂറിസം, ആയുവേദ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ചര്‍ച്ചകളും സംഘടിപ്പിക്കും-മുഖ്യമന്ത്രി പറഞ്ഞു.
ഇതിനുപുറമേ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം അടുത്തയാഴ്ച പാരിസ് സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അടുത്തയാഴ്ച നടക്കുന്ന ടൂറിസം മേളയില്‍ പങ്കെടുക്കാനാണ് ഈ യാത്ര. സെപ്റ്റംബര്‍ 19 ന് നടക്കാനിരിക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റിലും ഈ സംഘം പങ്കെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlights: Chief Minister Pinarayi Vijayan, Foreign Tour, Press Conference, Malayalam News, Kerala News


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..