തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വോളന്റിയര്‍മാരുടെ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ക്കുണ്ടായ നാശനഷ്ടം വിലയിരുത്തുന്നതിനായുള്ള സര്‍വേയില്‍ പങ്കെടുക്കുന്നതിനായി സ്മാര്‍ട്ട് ഫോണുള്ള യുവാക്കളെയാണ് അദ്ദേഹം സന്നദ്ധ സേവനത്തിന് ക്ഷണിച്ചിട്ടുള്ളത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വോളന്റിയര്‍മാരെ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കുചേരാന്‍ സുവര്‍ണാവസരം ഒരുക്കുകയാണെന്ന് മുഖ്യമന്ത്രി പറയുന്നു.

തദ്ദേശ സ്വയംഭരണ - റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് സര്‍വ്വേ നടത്തേണ്ടത്.  സന്നദ്ധരായ വോളന്റിയര്‍മാര്‍ അവരുടെ സമ്മതം, താല്‍പര്യപ്പെടുന്ന പഞ്ചായത്ത്, പങ്കെടുക്കുന്ന ദിനങ്ങള്‍ എന്നിവ https://survey.keralarescue.in എന്ന ലിങ്കില്‍ രേഖപ്പെടുത്തി വോളൻരിയറാകാം. 

ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

കേരളത്തിലെ യുവജനങ്ങള്‍ക്ക് കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കെടുക്കാന്‍ ഒരു സുവര്‍ണാവസരം സര്‍ക്കാര്‍ ഒരുക്കുന്നു. പ്രളയം മൂലം വീടുകള്‍ക്കുണ്ടായ നാശനഷ്ടം വിലയിരുത്തുന്നതിനായി ഒട്ടേറെ വോളന്റിയര്‍മാരെ ആവശ്യമുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അതാത് തദ്ദേശ സ്വയംഭരണ / റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം മൊബൈല്‍ ആപ്പ് ഉപയോഗിച്ച് സര്‍വ്വേ നടത്തുന്നതിനു സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ ഉള്ള യുവാക്കളെ ക്ഷണിക്കുന്നു. സന്നദ്ധരായ വോളന്റിയര്‍മാര്‍ അവരുടെ സമ്മതം, താല്‍പര്യപ്പെടുന്ന പഞ്ചായത്ത്, പങ്കെടുക്കുന്ന ദിനങ്ങള്‍ എന്നിവ രേഖപ്പെടുത്താനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

https://survey.keralarescue.in

ശ്രദ്ധിക്കുക: സര്‍വേയില്‍ പങ്കെടുക്കുന്നവര്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള സ്മാര്‍ട്ട് ഫോണുമായി എത്തേണ്ടതാണ്.

Content Highlights: Chief minister invites volunteer support to survey for flood relief