കോഴിക്കോട്: സാലറി ചലഞ്ചില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മറ്റ് കോളേജ് അധ്യാപകര്‍ക്ക് കൂടി മാതൃകയാണൈന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍  പങ്കെടുത്ത മെഡിക്കല്‍ കോളേജ് ജീവനക്കാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 91 ശതമാനം ജീവനക്കാരും ശമ്പളത്തിന്റെ വലിപ്പം നോക്കാതെ സാലറി ചലഞ്ചില്‍ പങ്കാളികളായി. മാതൃകാപരമായ പങ്കാളിത്തമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജിലെ ത്രിതല കാന്‍സര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എന്നാല്‍ സാലറി ചാലഞ്ചില്‍ കോളേജ് അധ്യാപകരാണ് ഏറ്റവും പിന്നില്‍. ലഭിക്കുന്ന വലിയ ശമ്പളം കൊടുക്കാന്‍ അവര്‍ക്ക് വിഷമമായിരുന്നു. ഇവിടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃകയാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവനക്കാരുടെ സാമൂഹ്യ പ്രതിബന്ധതയാണ് ഇത് കാണിക്കുന്നത്. നമ്മുടെ കൈയ്യിലുള്ളത് നാടിന്റെ ആവശ്യത്തിന് നല്‍കാന്‍ കഴിയണം. ജീവിതത്തില്‍ ഏറ്റവും പരോപകാരപ്രദമായ കാര്യം ഇതാണ്. സാലറി ചലഞ്ചില്‍ പങ്കെടുത്തവര്‍ ഏറ്റവും വലിയ അഭിനന്ദനത്തിന് അര്‍ഹരാണ്. 

മലബാറിലെ കാന്‍സര്‍ ചികിത്സാ രംഗത്ത് പാവപ്പെട്ടവര്‍ക്ക് വലിയ ആശ്വാസമേകുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ത്രിതല ക്യാന്‍സര്‍ സെന്റര്‍, ലക്ചര്‍ തിയറ്റര്‍ എന്നിവയുടെ ഉദ്ഘാടനമാണ്  മുഖ്യമന്ത്രി ശനിയാഴ്ച നടത്തിയത്. അര്‍ബുദരോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഒരുക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സാമ്പത്തിക സഹായത്തോടെ 44.5 കോടി രൂപ ചെലവിലാണ് ക്യാന്‍സര്‍ സെന്റര്‍ ഒരുക്കിയത്.  മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയേഷന്‍ ഓങ്കോളജി എന്നീ മൂന്ന് വിഭാഗങ്ങള്‍ ഒരേ സമുച്ചയത്തിന് കീഴില്‍ ഇനി പ്രവര്‍ത്തിക്കും. 2014-15 സാമ്പത്തിക വര്‍ഷത്തിലാണ് ത്രിതല കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചത്. ഏഴ് നിലകളിലായി ഉയരുന്ന ത്രിതല കാന്‍സര്‍ സെന്ററിന്റെ ആദ്യം മൂന്ന് നിലയാണ് ഇപ്പോള്‍ പൂര്‍ത്തിയാത്.

Content highlights:Chief minister inaugurated medical college cancer center