തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെതിരായ ആരോപണത്തില്‍ സഭയില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി. നിയമന വിവാദവുമായി ബന്ധപ്പെട്ട് സഭയില്‍ ഉന്നയിച്ച നാലു ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞില്ല. കെ.ടി ജലീലിന്റെ ബന്ധു അദീപിന്റെ നിയമനം സംബന്ധിച്ച് വിടി ബല്‍റാം, സണ്ണി ജോസഫ്, മഞ്ഞളാംകുഴി അലി എന്നിവരായിരുന്നു ചോദ്യങ്ങള്‍ ഉന്നയിച്ചത്.

ഉന്നതതല നിയമനത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന ചട്ടം നിലവിലുണ്ടോ എന്നും അദീപിന്റെ നിയമനത്തില്‍ അത് പാലിച്ചിട്ടുണ്ടോ എന്നുമായിരുന്നു വിടി ബല്‍റാം ചോദിച്ചത്. ഡെപ്യൂട്ടേഷന്‍ നിയമനം സംബന്ധിച്ചായിരുന്നു സണ്ണി ജോസഫിന്റെ ചോദ്യം. നിയമനങ്ങളിലെ വ്യവസ്ഥകളെക്കുറിച്ചും യോഗ്യതയെക്കുറിച്ചുമായിരുന്നു മഞ്ഞളാംകുഴി അലിയുടെ ചോദ്യങ്ങള്‍. 

നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായിരുന്നു എംഎല്‍എമാര്‍ സഭയില്‍ ഉന്നയിച്ചത്. എന്നാല്‍ ഈ ചോദ്യങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ഒരു മറുപടിയും പറഞ്ഞില്ല. അതേസമയം, ശബരിമല വിഷയത്തില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

Content Highlights: Chief minister, Pinarayi Vijayan, Niyamasabha, K T Jaleel