കണ്ണൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും ഉടന്‍ കോവിഡ് വാക്‌സിനെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വാക്‌സിനേഷന് സംസ്ഥാനം സുസജ്ജമാണെന്നും കൂടുതല്‍ കേന്ദ്രങ്ങള്‍ വേണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. വാക്‌സിനേഷന്‍ പ്രക്രിയയില്‍ സ്വകാര്യ മേഖലയെക്കൂടി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 

പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത് വളരെ സന്തോഷകരമായ കാര്യമാണ്. വാക്‌സിന്‍ സ്വീകരിക്കാന്‍ നേരത്തെ ഞങ്ങള്‍ തയ്യാറായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ജനപ്രതിനിധികള്‍ വാക്‌സിന്‍ എടുക്കേണ്ടതില്ല, അവരുടെ ഊഴം വരുമ്പോള്‍ എടുത്താല്‍ മതി എന്ന് പ്രധാനമന്ത്രിയുടെ മീറ്റിങ്ങില്‍ നിര്‍ദേശം വന്നിരുന്നു. അതുകൊണ്ടാണ് വാക്‌സിന്‍ സ്വീകരിക്കാതിരുന്നത്. 

വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ മറ്റാര്‍ക്കും മടിയുണ്ടാകാതിരിക്കാന്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ ആദ്യം വാക്‌സിന്‍ എടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഊഴം വരാന്‍ കാത്തുനിന്നതാണ്. മുഖ്യമന്ത്രി വാക്‌സിന്‍ എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും താനും വാക്‌സിനെടുക്കുമെന്നും അവര്‍ പറഞ്ഞു. 

Content Highlights: Chief minister and ministers will be vaccinated soon, says K. K. Shailaja