chief minister and ministers stage dharna at RBI office
ഫോട്ടോ;  ജി.ബിനുലാല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സത്യഗ്രഹ സമരം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ 10 മുതല്‍ അഞ്ചുവരെ തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിനുമുന്നിലാണ് സത്യഗ്രഹം.

രാവിലെ 9.45 ന് സെക്രട്ടേറിയറ്റിലെത്താന്‍ എല്ലാ മന്ത്രിമാരോടും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. അവിടെ നിന്നും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ച ശേഷം അവിടെ നിന്നും മുഖ്യമന്ത്രിയും മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും പ്രകടനമായി ആര്‍.ബി.ഐയുടെ മുന്നിലേക്ക് പുറപ്പെട്ടു.

10 മണിയോടെ സമരവേദിയില്‍ മുഖ്യമന്ത്രിയും  മന്ത്രിമാരും എത്തിച്ചേര്‍ന്നു. വൈകുന്നേരം അഞ്ച് മണിവരെ സത്യഗ്രഹ സമരം തുടരും

സമരത്തിന്റെ ഭാഗമാകാന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എത്തിച്ചേര്‍ന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറ്റ്‌ പ്രധാന നേതാക്കളും സമരവേദിയില്‍ അണിനിരന്നു. സമരത്തില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍നിന്ന്:

കേരളത്തിലെ അടിസ്ഥാന ജനങ്ങളുടെ സാമ്പത്തിക ഘടനയെ താങ്ങിനിര്‍ത്തുന്നത് സഹകരണ സംഘങ്ങളാണ്. കുടുംബത്തിന് ഒരു ആവശ്യം വന്നാല്‍ വാണിജ്യ ബാങ്കിനെ സമീപിച്ചാല്‍ പെട്ടെന്ന് വായ്പ കിട്ടില്ല. ജനനം മുതല്‍ മരണം വരെ എല്ലാ ആവശ്യങ്ങള്‍ക്കും വായ്പ ലഭിക്കുന്ന സ്ഥാപനങ്ങളാണ് സഹകരണ സ്ഥാപനങ്ങള്‍. ഒരു കുഞ്ഞുണ്ടായാല്‍ അതിന്റെ പേരില്‍ ഒരു ചെറിയ തുക വാണിജ്യ ബാങ്കിലല്ല നിക്ഷേപിച്ച് തുടങ്ങുന്നത് അടുത്തുള്ള സഹകരണ സംഘങ്ങളിലാണ്. നീതി സ്റ്റോറുകള്‍ തുടങ്ങി, കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ ആരംഭിച്ചു. സഹകരണ സ്ഥാപനങ്ങള്‍ ഡയാലിസിസ് യൂണിറ്റുകള്‍ വരെ തുടങ്ങി, അവിടെ സൗജന്യ സേവനം നല്‍കുന്നു. കേരളത്തിന്റെ സഹകരണ മേഖലയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഗൂഢലക്ഷ്യം ഇതിനു പിന്നിലുണ്ട്.

ഈ സാഹചര്യത്തില്‍ മറ്റു ബാങ്കുകള്‍ക്ക് ഇടപാടുകള്‍ നടത്താന്‍ അനുമതി നല്‍കുമ്പോള്‍ സഹകരണ ബാങ്കുകള്‍ക്ക് അനുമതി ലഭിക്കുന്നില്ല. അര്‍ബന്‍ ബാങ്കുകളേക്കാള്‍ കൂടുതല്‍ കരുത്തുള്ള പ്രാഥമിക സംഘങ്ങളെ കാണാം. 

ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ആദ്യമുണ്ടായിരുന്ന അനുമതി കൂടി പിന്നീട് എടുത്തുകളയുകയാണ് കേന്ദ്രം ചെയ്തത്. അത് സാധാരണമായ ഒരു നടപടിയായി കാണാന്‍ കഴിയില്ല.

 കേരളത്തിന്റെ വളര്‍ച്ചയില്‍ ഒരു പങ്കും വഹിക്കാന്‍ ബിജെപിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. പകരം, അതിനു സഹായിച്ച സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് അവര്‍ ചെയ്യുന്നത്.

ഇത് തുഗ്ലക് പരിഷ്കാരത്തിനെതിരായ ബഹുജന പ്രക്ഷോഭം: സീതാറാം യെച്ചൂരി

കേന്ദ്രസര്‍ക്കാരിന്റെ തുഗ്ലക് പരിഷ്‌കാരത്തിനെതിരായി രാജ്യത്ത് ആദ്യമായുണ്ടാകുന്ന മുന്നേറ്റമാണ് തിരുവനന്തപുരത്ത് റിസര്‍വ്വ് ബാങ്ക് ഓഫീസിനു മുന്നില്‍ നടക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

രാജ്യത്തിന്റെ പരമാധികാരികള്‍ ജനങ്ങളാണ്; ഏതെങ്കിലും വ്യക്തിയല്ല. രാജ്യത്തിന്റെ പരമാധികാരത്തിനുവേണ്ടിയുള്ള ഈ സമരത്തില്‍ പങ്കാളിയാകാന്‍ മുന്നോട്ടുവന്ന കേരളത്തിലെ ജനങ്ങളെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മോദിയുടെ നെഞ്ചത്ത് ചാപ്പകുത്തും: വിഎസ്

ഇപ്പോള്‍ വരിനില്‍ക്കുന്ന ജനങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മോദിയുടെ നെഞ്ചത്താണ് ചാപ്പകുത്താന്‍ പോകുന്നതെന്ന് സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. രാജ്യത്തെ ജനങ്ങള്‍ കാശിനായി നെട്ടോട്ടമോടുമ്പോഴും മോദിക്ക്് കുലുക്കമില്ലെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ സാധാരണ ജനങ്ങളുടെ നട്ടെല്ലായ സഹകരണ മേഖലയെ നിശ്ചലമാക്കിയാല്‍ കേരളത്തിന്റെ സാമൂഹ്യ ജീവിതം ആകെ തകിടംമറിയും. ഇത്തരം നടപടികളെ തുഗ്ലക് പരിഷ്‌കാരം എന്നാണ് സാധാരണ പറയുന്നത്. ഇവിടെ മോദി തുഗ്ലക്കിന്റെ പോലും ആശാനാകാനാണ് ശ്രമിക്കുന്നത്. ഈ ഭ്രാന്തന്‍ തീരുമാനങ്ങളുമായി മുന്നോട്ടുപോകാന്‍ അനുവദിച്ചുകൂടാ. 

രാജ്യത്തെ ആകെ ബാധിക്കുന്ന വിഷയം ചര്‍ച്ച ചെയ്യുന്നതിന് പാര്‍ലമെന്റില്‍ വരാന്‍ പോലും മോദി തയ്യാറായില്ല. രാജ്യത്തെ ജനങ്ങളെയാകെ ബുദ്ധിമുട്ടിക്കുന്ന ഈ ഭ്രാന്തന്‍ തീരുമാനം പിന്‍വലിക്കാന്‍ മോദി തയ്യാറാകണമെന്നും വിഎസ് ആവശ്യപ്പെട്ടു.