കോഴിക്കോട്: ബേപ്പൂര്‍ തോണിച്ചിറയില്‍ വെളളം കയറിയ വീടുകളില്‍ കൊടുത്ത ദുരിതാശ്വാസ കിറ്റുകളില്‍ കോഴി മാലിന്യം. വീടുകളില്‍ എത്തിയ കിറ്റുകള്‍ പൊട്ടിച്ചപ്പോഴാണ് ദുര്‍ഗന്ധം വമിക്കുന്ന കോഴിമാലിന്യം കണ്ടെത്തിയത്. സര്‍ക്കാര്‍ ഡിപ്പോകള്‍ വഴി വിതരണം ചെയ്ത കിറ്റുകളില്‍ നിന്നാണ് ഇത്തരത്തില്‍ മാലിന്യം കണ്ടെത്തിയത്.

ബേപ്പൂര്‍ വില്ലേജ് ഓഫീസില്‍ നിന്നാണ് ദുരിത ബാധിതര്‍ക്ക് കിറ്റുകള്‍ക്കുള്ള ടോക്കണ്‍ നല്‍കിയിരുന്നത്. ഈ ടോക്കണുകള്‍ കൊണ്ടുപോയി സര്‍ക്കാര്‍ ഗോഡൗണുകളില്‍ ഉള്ള ദുരിതാശ്വാസ സാമഗ്രികള്‍ കൈപ്പറ്റണമെന്നാണ് ഇവര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നത്. ഇതനുസരിച്ചാണ് ഇവര്‍ ബേപ്പൂരിലെ ഡിപ്പോയില്‍ പോയി ഈ കിറ്റുകള്‍ വാങ്ങിയത്. 

ഇത് വീടിനുള്ളില്‍ കൊണ്ടുവെച്ചപ്പോള്‍ കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ഇവരില്‍ ചിലര്‍ ഈ കിറ്റ് തുറന്നു നോക്കുകയായിരുന്നു. അപ്പോഴാണ് കിറ്റിനുള്ളില്‍ തൂവലുകള്‍ അടക്കമുള്ള കോഴിമാലിന്യം ഉള്ളത് കണ്ടത്. ഇതിനുള്ളില്‍ തന്നെ അരിയും മറ്റ് സാധനങ്ങളും വെച്ചിരുന്നു. 

ഇക്കാര്യം വില്ലേജ് ഓഫീസറെ വിളിച്ചപ്പോള്‍ അതിനെ കുറിച്ച് അറിയില്ല എന്നായിരുന്നു മറുപടി. നിലവില്‍ മൂന്നിലേറെ ആളുകള്‍ക്കാണ് ഇത്തരത്തില്‍ മാലിന്യം അടങ്ങിയ കിറ്റുകള്‍ ലഭിച്ചത്. നാട്ടുകാര്‍ കലക്ടര്‍ ഉള്‍പ്പടെയുള്ളവരെ വിവരമറിയിച്ചിട്ടുണ്ട്.