കോട്ടയം: കോഴിച്ചാകരയായിരുന്നു ഞായറാഴ്ച പുലര്‍ച്ചെ നാഗമ്പടത്ത്. റോഡരികില്‍ നൂറുകണക്കിന് കോഴികള്‍. കോഴികളുമായി പോയ ലോറി നാഗമ്പടത്ത് ചെമ്പരത്തിമൂട് വളവില്‍ മറിഞ്ഞതാണ് കാരണം.

To advertise here,

ലോറിയിലുണ്ടായിരുന്ന ഇരുമ്പുപെട്ടികള്‍ റോഡില്‍ ചിതറിവീണതോടെ കോഴികള്‍ കൂട്ടത്തോടെ ചത്തു. റോഡരികില്‍ ഒരു 'കോഴിക്കട'യുടെ പ്രതീതി. റോഡിലൂടെ പോയവര്‍ വണ്ടിനിര്‍ത്തി കോഴികളെ കൈക്കലാക്കി. കേട്ടറിഞ്ഞവര്‍ ബൈക്കിലും കാറിലും ഓട്ടോറിക്ഷയിലുമെത്തി.

കാറിന്റെ ഡിക്കിയില്‍ കോഴികളെ വാരിയിട്ടാണ് ചിലര്‍ പോയത്. ഇരുകൈയിലും പറ്റാവുന്നത്ര തൂക്കിയെടുത്തു ചിലര്‍. ചാക്കിലാക്കി തലയില്‍ ചുമന്നുകൊണ്ടുേപായവരുമുണ്ട്.

പുലര്‍ച്ചെ മൂന്നരയോടെയാണ് ലോറി മറിഞ്ഞത്. മൂവാറ്റുപുഴയിലുള്ള സ്വകാര്യ ചിക്കന്‍ സെന്ററില്‍നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു വാഹനം. ഡ്രൈവറെക്കൂടാതെ രണ്ട് അതിഥിത്തൊഴിലാളികളും വണ്ടിയിലുണ്ടായിരുന്നു. ഇവര്‍ക്ക് ചെറിയ പരിക്കേറ്റു.

1700 കോഴികളുണ്ടായിരുന്നു. അഞ്ഞൂറോളം എണ്ണത്തിനെ ജീവനുണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം ചത്തു. ജീവനുള്ള കുറേയെണ്ണത്തിനെ ലോറിക്കാര്‍ കൊണ്ടുപോയി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ഗാന്ധിനഗര്‍ പോലീസ് അറിയിച്ചു.