പ്രതീകാത്മകചിത്രം | Mathrubhumi illustration
കോഴിക്കോട്: ചേവായൂരില്‍ ബസില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ചേവായൂരിലെ വീട്ടിനുള്ളിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. പുഴുവരിച്ച നിലയിലായിരുന്നു. ഇന്ന് രാവിലെയാണ് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവമറിയുന്നത്. യുവതി സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാണുള്ളത്.
വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ യുവതിയെ ഇരുചക്രവാഹനത്തില്‍ കയറ്റി ബസിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സംഭവത്തില്‍ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടില്‍ ഗോപീഷ് (38), പത്താംമൈല്‍ മേലേപൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (32) എന്നിവരെ സിറ്റി ക്രൈംസ്‌ക്വാഡും ചേവായൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാംപ്രതിയായ ഇന്ത്യേഷ് കുമാര്‍ ഒളിവിലാണ്.
ചേവായൂരിലെ വീട്ടില്‍നിന്ന് രക്ഷിതാക്കളോട് പിണങ്ങിയിറങ്ങിയ യുവതിയെ മെഡിക്കല്‍ കോളേജിനു സമീപം മുണ്ടിക്കല്‍ത്താഴം വയല്‍സ്റ്റോപ്പിനടുത്തുവെച്ചായിരുന്നു മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. കോട്ടാപറമ്പ് ഷെഡ്ഡില്‍ നിര്‍ത്തിയിട്ട ബസ്സിലെത്തിച്ച് ബലാത്സംഗംചെയ്യുകയായിരുന്നു. പീഢനത്തിന് ശേഷം ഹോട്ടലില്‍നിന്ന് ഭക്ഷണം വാങ്ങികൊടുത്ത് കുന്ദമംഗലം ഓട്ടോസ്റ്റാന്‍ഡിനടുത്ത് ഇറക്കിവിട്ടു.
രാത്രി വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പറയുന്നത്. തുടര്‍ന്ന് ചേവായൂര്‍ പോലീസില്‍ പരാതിപ്പെട്ടു. പ്രതികള്‍ യുവതിയുമായി സ്‌കൂട്ടറില്‍ പോവുന്നതിന്റെ അവ്യക്തമായ സി.സി.ടി.വി.ദൃശ്യം മാത്രമാണ് പോലീസിന് ലഭിച്ചത്. ഇന്ത്യേഷ് മുങ്ങിയതിനെ തുടര്‍ന്ന് അന്വേഷണം മറ്റുസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു.
Content highlights: chevayur gang rape - The mother of girl was found dead
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..