ചെട്ടികുളങ്ങര(ആലപ്പുഴ): പരാധീനതകള്‍ക്കുനടുവില്‍ നാല് സെന്റിലെ ചെറിയ വീട്ടില്‍ക്കഴിയുന്ന ശിവനെത്തേടി ഭാഗ്യദേവതയെത്തി. ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാംസമ്മാനമായ എഴുപതുലക്ഷം രൂപയാണ് ചെട്ടികുളങ്ങര ഈരേഴ തെക്ക് പനാറ കിഴക്കതില്‍ ശിവന് (56)ലഭിച്ചത്.

ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ചെട്ടികുളങ്ങര ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഭാര്യ ഓമനയോടൊപ്പം മടങ്ങവെ വീടിനുമുന്നില്‍വെച്ചാണ് ശിവന്‍ ലോട്ടറിയെടുത്തത്. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ ലോട്ടറി ഏജന്റിനെ മുന്‍പരിചയമുള്ളതുകൊണ്ട് അയാള്‍ ടിക്കറ്റുമായി വന്നപ്പോള്‍ ശിവന്‍ മടികൂടാതെ ടിക്കറ്റെടുക്കുകയായിരുന്നു.

കഴിഞ്ഞ 35 വര്‍ഷമായി വീടുകളുടെ വാര്‍ക്കപ്പണിക്കുപോയാണ് ശിവന്‍ കുടുംബം പോറ്റുന്നത്. ലക്ഷങ്ങളുടെ ബാധ്യതയുള്ള കുടുംബത്തിന് ലോട്ടറിയുടെ ഒന്നാംസമ്മാനം ലഭിച്ചത് വലിയൊരാശ്വാസമാണ്. ബാധ്യതകള്‍ തീര്‍ത്തശേഷമുള്ള തുകയ്ക്ക് അടച്ചുറപ്പുള്ള വീട് വയ്ക്കണമെന്നാണ് ശിവന്റെ ആഗ്രഹം. സമ്മാനാര്‍ഹമായ ടിക്കറ്റ് ചൊവ്വാഴ്ച വൈകുന്നേരംതന്നെ പെരിങ്ങാല സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.ബി.പ്രേംദീപിനെ ഏല്‍പ്പിച്ചു.

Content Highlights: chettikulangara native sivan gets first prize in sthreeshakthi lottery 70 lakhs