ഇടുക്കി: ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. മൂന്നാം നമ്പര്‍ ഷട്ടറാണ് ചൊവ്വാഴ്ച രാവിലെ ആറിന് 40 സെന്റീമീറ്റര്‍ തുറന്നത്.

വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാലും മുല്ലപ്പെരിയാറില്‍നിന്ന് പെരിയാറിലേക്ക് വന്‍തോതില്‍ വെള്ളമൊഴുക്കുന്നതിനാലും ഇടുക്കിയിലെ ജലനിരപ്പ് അതിവേഗം ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് ചെറുതോണിയിലെ ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. 40മുതല്‍ 150 ക്യൂമെക്‌സ് വെള്ളംവരെ പുറത്തേക്ക് ഒഴുക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്.

തിങ്കളാഴ്ച 2401 അടിയായപ്പോള്‍ അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, വൃഷ്ടിപ്രദേശത്ത് മഴ തുടര്‍ന്നതിനാല്‍ വീണ്ടും ജലനിരപ്പ് കൂടി. രാത്രി ഒന്‍പതോടെ 2401.12 അടിയായി. ചെറുതോണി അണക്കെട്ടിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു.

Content Highlights: Shutters of Idukki dam opened after Tamil Nadu's Mullaperiyar move