പൈനാവ്: ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്തമഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തില്‍ വൈകിട്ട് അഞ്ച് മണി മുതല്‍ ചെറുതോണി ഡാമില്‍നിന്നു 750 ക്യുമെക്‌സ് (സെക്കന്‍ഡില്‍ ഏഴരലക്ഷം ലിറ്റര്‍)അളവില്‍ വെള്ളം തുറന്നു വിടുമെന്ന് കളക്ടര്‍ ജീവന്‍ ബാബു അറിയിച്ചു.

ചെറുതോണിപ്പുഴ, പെരിയാര്‍ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിലെ മര്‍ദത്തിന്റെയും മറ്റും ഫലമായി പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവില്‍ ഏറ്റക്കുറച്ചിലുണ്ടാകാന്‍ സാധ്യതയുണ്ട്.

വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നത്. ആകെ അഞ്ച് ഷട്ടറുകളാണുള്ളത്. ഇതില്‍ മൂന്നു ഷട്ടറുകള്‍ ഒരു മീറ്ററാണ് ഉയര്‍ത്തിയിട്ടുള്ളത്. മറ്റു രണ്ടു ഷട്ടറുകള്‍ അമ്പതു സെന്റിമീറ്ററായും ഉയര്‍ത്തിയിട്ടുണ്ട്.

ഒന്നൊന്നായി ഷട്ടറുകള്‍ മുഴുവന്‍ തുറന്നിട്ടും പുറത്തേക്കൊഴുകുന്നതിനെക്കാള്‍ കൂടുതല്‍ ജലമാണ് വൈകിട്ട് അഞ്ച് മണി വരെ ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുന്നത്. അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഒരു മീറ്റര്‍ വരെ ഉയര്‍ത്തി. അഞ്ച് മണിക്ക് 2401.76 അടിയായിരുന്ന ജലനിരപ്പ് ആറ് മണിക്ക് 2401.70 ആയി നേരിയ കുറവുണ്ടായിട്ടുണ്ട്. വലിയ അളവില്‍ വെള്ളം കുത്തിയൊലിച്ചെത്തി ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെറുതോണി നഗരത്തിലെ പാലം കവിഞ്ഞ് വെള്ളം ഒഴുകി. 

ഇത് മിനിറ്റുകള്‍ക്കുള്ളില്‍ വീണ്ടും ഉയര്‍ന്ന് പാലത്തിന് മുകളിലൂടെ ശക്തിയായി ഒഴുകി. കരയോട് ചേര്‍ന്ന് മരങ്ങളും കാടുപടലങ്ങളും തൂത്തെടുത്താണ് ജലത്തിന്റെ പ്രവാഹം. ചെറുതോണി പട്ടണത്തില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു. ചെറുതോണി-കട്ടപ്പന റൂട്ടില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. പിന്നാലെ ബസ് സ്റ്റാന്‍ഡിലും വെള്ളം കയറി.

നിലവില്‍ 2401.70 അടിയാണ് ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 2403 അടിയാണ്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, കഞ്ഞുക്കുഴി, മരിയാപുരം, വാത്തിക്കുടി പഞ്ചായത്തുകളിലാണ് ജലപ്രവാഹം ബാധിക്കുക. ഇതില്‍ വാഴത്തോപ്പില്‍ 36 ഉം കഞ്ഞുക്കുഴിയില്‍ 80 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ഇടുക്കിയില്‍ നിന്നും വെള്ളം കൂടുതല്‍ ഒഴുക്കിവിടുകയാണെങ്കില്‍ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി വെള്ളം ഒഴുക്കിവിടുന്നത് നിയന്ത്രിക്കാനും ആലോചനയുണ്ട്. നിലവില്‍ പെരിയാര്‍ രണ്ടായി പിരിയുന്ന ആലുവാ മണപ്പുറം വെള്ളത്തിനടിയിലാണ്. അങ്കമാലി കാലടി തുടങ്ങിയ ജനവാസ മേഖലകളിലും ജലനിരപ്പ് ഉയരുന്നുണ്ട്.

പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

content highlights: Cheruthoni dam shutter opens