പാലക്കാട്: ചെർപ്പുളശ്ശേരിയില്‍ സി.പി.എം ഏരിയാ കമ്മറ്റി ഓഫീസില്‍ യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചെർപ്പുളശ്ശേരി പുത്തനാൽക്കൽ തട്ടാരുതൊടി പ്രകാശനാണ് അറസ്റ്റിലായത്. പരാതി നല്‍കിയ യുവതി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയിലും ആദ്യ മൊഴി ആവര്‍ത്തിച്ചു എന്നാണ് സൂചന.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിയാണ് മജിസ്‌ട്രേറ്റ് യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ജൂണില്‍ ചെര്‍പ്പുളശ്ശേരി സി.പി.എം ഓഫീസില്‍വെച്ച് പ്രകാശന്‍ പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. മജിസ്‌ട്രേറ്റിന് മുന്നിലും യുവതി ഈ മൊഴി ആവര്‍ത്തിച്ചുവെന്നാണ് അറിയുന്നത്. പോലീസിന് നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യം തോന്നിയതിനെ തുടര്‍ന്നാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്.
2018ല്‍ കോളേജ് വിദ്യാര്‍ഥിനിയായ യുവതി കോളേജ് മാഗസിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതായും ഇതില്‍ സഹായിച്ച യുവാവാണ് പീഡിപ്പിച്ചതെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നത്. മാഗസിന്‍ തയ്യാറാക്കുന്നതിനിടെ തനിക്ക് ശീതളപാനീയം നല്‍കി മയക്കിയാണ് പീഡിപ്പിച്ചതെന്നും മൊഴിയില്‍ പറയുന്നു.
ചെര്‍പ്പുളശ്ശേരിയില്‍ മെക്കാനിക്കാണ് പ്രകാശന്‍. ഇയാള്‍ കോളേജ് വിദ്യാഭ്യാസം നേടിയിട്ടുമില്ല. പെണ്‍കുട്ടിയെ അറിയാമെന്നും അടുപ്പമുണ്ടെന്നും പ്രകാശന്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി ഓഫീസില്‍ പെണ്‍കുട്ടിക്കൊപ്പം പോയിട്ടില്ലെന്ന് ഇയാള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടി മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നത് പോലീസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
യുവതിയെ നേരിട്ട് കണ്ട് പോലീസ് വിവരങ്ങള്‍ ശേഖരിക്കും. പ്രകാശന് പാര്‍ട്ടി ബന്ധമില്ലെന്ന് സി.പി.എം തുടക്കം മുതലേ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ രഹസ്യ മൊഴിയിലും പെണ്‍കുട്ടി ആരോപണം ആവര്‍ത്തിച്ചതോടെ സി.പി.എമ്മും പ്രതിരോധത്തിലാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഗൂഡാലോചനയെന്ന് സംശയിക്കുന്നതായി സി.പി.എം നേതൃത്വം പറയുന്നു.
content highlights: Cherpulaserry Sexual Assault, Accused Arrested