തിരുവനന്തപുരം: ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് നാളെ കോണ്‍ഗ്രസില്‍ ചേരും. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയെ കണ്ടശേഷമായിരിക്കും പ്രഖ്യാപനം. 

2000ത്തിലാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷ സഹയാത്രികനായി വരുന്നത്. 20 വര്‍ഷത്തെ ഇടതുബന്ധം അവസാനിപ്പിച്ചാണ് ഇപ്പോള്‍ കോണ്‍ഗ്രസിലേക്കുള്ള മടക്കം. ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി അദ്ദേഹം കഴിഞ്ഞ ദിവസം വേദി പങ്കിടുകയും ചെയ്തിരുന്നു. 

ഇടതുപക്ഷത്തേക്ക് ചേക്കേറിയ ശേഷം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നിരവധി തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. എന്നാല്‍ ഇടതുപാളയത്തില്‍ കെഡിടിസി ചെയര്‍മാന്‍, നവകേരള മിഷന്‍ കോര്‍ഡിനേറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഇത്തവണ ഖാദി ബോര്‍ഡ് ഉപാധ്യക്ഷ സ്ഥാനം നല്‍കിയെങ്കിലും അദ്ദേഹം അത് സ്വീകരിക്കാന്‍ തയ്യറായിരുന്നില്ല. 

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെറിയാന്‍ ഫിലിപ്പിനെ സിപിഎം പരിഗണിച്ചിരുന്നില്ല. രാജ്യസഭാ തിരഞ്ഞെടുപ്പിലും തഴഞ്ഞതോടെയാണ് അദ്ദേഹം ഇടതുപക്ഷവുമായി അകലാന്‍ തുടങ്ങിയത്. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സാമൂഹമാധ്യമത്തിലൂടെ സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ചും ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരുന്നു.

content highlights: cheriyan philip likely to join congress on tomorrow