തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ മാധ്യമപ്രവര്‍ത്തകരെ വിലയ്ക്കെടുത്തിരുന്നെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പിന്റെ വെളിപ്പെടുത്തല്‍. കെ.കരുണാകരനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ താനും ഭാഗികമായി പങ്കാളിയായെന്നുമാണ് വെളിപ്പെടുത്തല്‍. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് ചെറിയാന്‍ ഫിലിപ്പിന്റെ തുറന്നുപറച്ചില്‍.

രാജ്യത്തിന്റെ ക്രയോജനിക് സാങ്കേതികവിദ്യാ വളര്‍ച്ചയില്‍ വിളറിപൂണ്ട ബാഹ്യശക്തികളുടെ ഏജന്റുമാരായി ഇവിടെയുള്ളവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് കെട്ടിച്ചമയ്ക്കപ്പെട്ട ചാരക്കേസെന്ന് ചെറിയാന്‍ ഫിലിപ്പ് പറയുന്നു. മറിയം റഷീദയുടെ അറസ്റ്റ് മുതല്‍ ഉണ്ടായ കാര്യങ്ങളും കേസ് വികസിച്ചുവന്ന വഴിയുമെല്ലാം അങ്ങനെതന്നെയായിരുന്നു. ഐജി രമണ്‍ വാസ്തവയെ പ്രതിചേര്‍ക്കുകയും അതിലൂടെ അദ്ദേഹത്തിന്റെ സുഹൃത്തായ കെ.കരുണാകരനെതിരെയും മാധ്യമവാര്‍ത്തകള്‍ വഴി കുടുക്കിലാക്കുകയുമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. 

ഇതിനു വേണ്ടി ശ്രമിച്ചത് അന്നത്തെ കോണ്‍ഗ്രസിലെ കരുണാകരവിരുദ്ധ വിഭാഗമാണെന്നും താനുള്‍പ്പടെയുള്ള കോണ്‍ഗ്രസ് എ വിഭാഗം അതിനുവേണ്ടി കരുക്കള്‍ നീക്കിയെന്നും ചെറിയാന്‍ ഫിലിപ്പ് വെളിപ്പെടുത്തി. സത്യങ്ങള്‍ എവിടെയും വിളിച്ചുപറയാന്‍ തയ്യാറാണ്. ജനങ്ങളുടെ മുന്നില്‍ കരുണാകരനെ താറടിച്ച് കാണിച്ച് വിജയം നേടുകയായിരുന്നു എ ഗ്രൂപ്പിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: ISRO Espinoge, Cheriyan Philip, K. Krunakaran, Congress