തിരുവനന്തപുരം: രാഷ്ട്രീയ മാറ്റത്തിന്റെ സൂചന നൽകി ചെറിയാൻ ഫിലിപ്പിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അഴിമതിക്കെതിരെ പ്രതികരിക്കാൻ 'ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന പേരിൽ യൂട്യൂബ് ചാനൽ ആരംഭിക്കുമെന്ന് ചെറിയാൻ ഫിലിപ്പ് ഫെയ്സ്ബുക്കിൽ കുറിച്ചു. ജനുവരി ഒന്നിനായിരിക്കും യൂട്യൂബ് ചാനൽ ആരംഭിക്കുക. രാഷ്ട്രീയനിലപാട് പ്രശ്നാധിഷ്ഠിതമായിരിക്കുമെന്നും അദ്ദേഹം കുറിച്ചു.

കഴിഞ്ഞ 20 വർഷം ഇടതുപക്ഷ സഹയാത്രികനായിരുന്നു അദ്ദേഹം. എന്നാൽ ഇനിയും പാർട്ടിയെ പിന്തുടരുന്നില്ല എന്നതിന്റെ വ്യക്തമായ സൂചന നൽകിക്കൊണ്ടാണ് ഫെയ്സ്ബുക്കിലൂടെ പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്. ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല, രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യൂ ട്യൂബ് ചാനൽ നയം തികച്ചും സ്വതന്ത്രമായിരിക്കും. രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ഠിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടും. അഴിമതി, വർഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിർഭയം പോരാടും. ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുമെന്നും അദ്ദേഹം കുറിച്ചു.

നേരത്തെ ഖാദി ബോർഡ് വൈസ് ചെയർമാന്‍ സ്ഥാനം അദ്ദേഹം നിരസിച്ചിരുന്നു. പുസ്തക രചനയുടെ തിരക്കിലാണ് എന്നായിരുന്നു ഇതിന് പറഞ്ഞ കാരണം. 

ദുരന്തനിവാരണത്തിൽ സർക്കാരിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് കഴിഞ്ഞദിവസം ചെറിയാൻ ഫിലിപ്പ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രി പരോക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഒരുകാലത്ത് കോൺഗ്രസ് വിട്ട് ഇടതുപക്ഷവുമായി സഹകരിക്കാൻ തയ്യാറായ ആളാണ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തെ നല്ലരീതിയിൽ ഞങ്ങൾ സഹകരിപ്പിച്ചിട്ടുമുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് മറ്റെന്തെങ്കിലും നിലപാടുണ്ടോയെന്ന് തനിക്കറിയില്ല എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.

രാജ്യസഭയിലേക്കു വന്ന ആദ്യ അവസരം എളമരം കരീമിനായി കൈവിട്ടെങ്കിലും ചെറിയാന് പ്രതീക്ഷയുണ്ടായിരുന്നു. രണ്ടാം അവസരം ജോൺ ബ്രിട്ടാസിനു നൽകിയത് അദ്ദേഹത്തിന് ഉൾക്കൊള്ളാനായില്ല. ഇടക്കാലത്ത് സി.പി.എമ്മിലേക്കു വന്ന കെ.ടി. ജലീലും അബ്ദുറഹ്മാനും വീണാ ജോർജും വരെ മന്ത്രിയായതും താൻ തഴയപ്പെടുന്നുവെന്ന വിശ്വാസത്തിലേക്ക് അദ്ദേഹത്തെ നയിക്കുകയായിരുന്നുവെന്നാണ് വിവരം.

സമീപസമയത്ത് ചില നേതാക്കൾ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ പോയതിനെക്കുറിച്ച് വി.ഡി. സതീശൻ പ്രതികരിച്ചത് ‘കമ്മലിട്ടവൻ പോയാൽ കടുക്കനിട്ടവൻ വരും’ എന്നായിരുന്നു. ഇത് ചെറിയാൻ ഫിലിപ്പിനെ ഉദ്ദേശിച്ചായിരുന്നുവെന്നാണ് വിലയിരുത്തൽ. കെ.പി.സി.സി. പുനഃസംഘടന കഴിഞ്ഞേ ചെറിയാന്റെ മനസ്സുമാറ്റത്തിന്റെ പ്രഖ്യാപനമുണ്ടാകൂ എന്നാണ് വിവരം.

Content highlights: Cherian Philip announce start YouTube channel