
ഹരിപ്പാടിന് സമീപം ചേപ്പാട് പുഷ്പുൾ തീവണ്ടിയുമായി കൂട്ടിയിടിച്ച് തകർന്ന ബസ്.
ഹരിപ്പാട്: ആലപ്പുഴ ചേപ്പാട് റെയില്‍വേ സ്റ്റേഷനു സമീപം ഏവൂര്‍ ലെവല്‍ക്രോസില്‍ വിവാഹസംഘത്തിന്റെ ബസില്‍ തീവണ്ടി തട്ടിയുണ്ടായ ദുരന്തത്തിനു ശനിയാഴ്ച 26 വര്‍ഷം. 1996 മേയ് 14-ന് ഉച്ചയോടെയായിരുന്നു അപകടം. ഏവൂര്‍ മൂടയില് തറയില്‍ നാരായണന്റെ മകന് സോമന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം ടൂറിസ്റ്റ് ബസില്‍ മടങ്ങിയവരാണ് ദുരന്തത്തിന് ഇരകളായത്.
കായംകുളം-എറണാകുളം പുഷ്പുള്‍ തീവണ്ടി ബസില്‍ ഇടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന 35 പേര് അപകടസ്ഥലത്തുതന്നെ മരിച്ചു. പത്തനംതിട്ട എടയാറന്മുള ടി.ടി.എം. ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു. സോമനും വധു അമ്പിളിയും പിന്നിലെ കാറില്‍ ആയിരുന്നു. അമ്മയും മൂന്ന് സഹോദരങ്ങളും ഉള്‍പ്പെടെ 12-ല്‍ അധികം ബന്ധുക്കളെയാണ് അന്ന് സോമന് നഷ്ടമായത്. അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമായി മുറ്റത്തൊരുക്കിയ ചിത കാണാനാവാതെ തളര്‍ന്നുകിടന്ന സോമന് അന്ന് സങ്കടക്കാഴ്ചയായിരുന്നു.

കാവല്‍ക്കാരില്ലാത്ത ലെവല്‍ക്രോസിലേക്ക് ബസ് കയറിയതും കായംകുളം ഭാഗത്തുനിന്ന് തീവണ്ടി കടന്നുവന്നതും ഒരേസമയത്തായിരുന്നു. ബസ് പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍കഴിയാത്ത സ്ഥിതിയിലായിരുന്നു. നാരായണന്റെ ഭാര്യ ഗൗരിയമ്മ, മക്കളായ രാധാകൃഷ്ണന്, മധു, മുരളി എന്നിവരും മരുമകന്റെ സഹോദരനും അപകടത്തില്‍ മരിച്ചിരുന്നു.
Also Read
ഇവരുടെ ചില്ലിട്ട ചിത്രങ്ങള്‍ ഭിത്തിയില്‍ തൂക്കിയാണ് നാരായണന് പിന്നീട് ജീവിച്ചത്. അടുത്തിടെ നാരായണനും മരിച്ചു. ആദ്യകാലങ്ങളില്‍ ലെവല്‍ക്രോസിനു സമീപത്ത് അനുസ്മരണയോഗങ്ങള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നെങ്കിലും പിന്നീട് അതും മുടങ്ങി. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള നിയമനടപടികളും നീണ്ടു. ബസിലുണ്ടായിരുന്നവരില്‍ നാലുപേര്‍ മാത്രമാണ് രക്ഷപ്പെട്ടത്.

ഇന്നും ഞെട്ടലോടെ സുനില്‍
31 ദിവസം ഐ.സി.യു.വില്‍ കിടന്ന ഏവൂര്‍ വടക്ക് ശാന്താമന്ദിരത്തില്‍ ഇ.കെ. സുനില്‍കുമാറിന് ഇന്നും അപകടം ഓര്‍ക്കുമ്പോള്‍ പേടിയാണ്. സുനില്‍ ബസിന്റെ പിന്നിലാണ് ഇരുന്നത്. സീറ്റില്‍ ഒപ്പമുണ്ടായിരുന്ന രണ്ടുപേരും മരിച്ചു. ബസില്‍നിന്നു പുറത്തേക്കു തെറിച്ചുവീണതിനാലാണ് രക്ഷപ്പെട്ടത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്ന സുനില്‍കുമാറിന് ഇടയ്ക്കു തലവേദനയുണ്ടായിരുന്നു. ഇപ്പോള്‍ കാര്യമായ ബുദ്ധിമുട്ടില്ലെന്നും സുനില്‍ പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ നങ്ങ്യാര്‍കുളങ്ങര ശാഖയിലെ ജീവനക്കാരനാണ് സുനില്‍.

നിലവിളിക്കാന്‍ പോലുമാകാതെ...
ബസ്സിലുള്ളവര്‍ക്ക് നിലവിളിക്കാന്‍ പോലുമാകുന്നതിന് മുന്‍പേ ആയിരുന്നു അപകടം. ദേശീയപാതയില്‍ ഏവൂര്‍ ജങ്ഷനില്‍നിന്ന് ഏവൂര്‍ ക്ഷേത്രത്തിന് പടിഞ്ഞേറേയ്ക്ക് വരികയായിരുന്നു ബസ്. ലെവല്‍ ക്രോസിന് പത്തു മീറ്ററോളം പടിഞ്ഞാറുള്ള ബംബും കടന്ന് ബസ് നീങ്ങുന്നതിനിടെയാണ് തീവണ്ടി വന്നത്. ചേപ്പാട്ട് സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ അതിവേഗത്തിലായിരുന്നു തീവണ്ടിയുടെ വരവ്. ലെവല്‍ ക്രോസിന് തെക്കുഭാഗത്ത് വൃക്ഷങ്ങള്‍ തിങ്ങിവളര്‍ന്നു നിന്നിരുന്നതിനാല്‍ ബസ് ഡ്രൈവര്‍ക്ക് തീവണ്ടി കാണാന്‍ സാധിച്ചിരുന്നില്ല. ബസ് ലെവല്‍ ക്രോസില്‍ പ്രവേശിച്ച ഉടന്‍ അപകടം നടന്നു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായി നശിച്ച ബസ്, അന്‍പതു മീറ്റര്‍ അകലെയുള്ള താഴ്ചയിലേക്ക് തെറിച്ചുവീണു.
ബസ് വരുന്നത് കണ്ടേയില്ല.. എന്ജിന് ഡ്രൈവറുടെ വാക്കുകള്‍
എനിക്കൊന്നും പറയാനില്ല. ബസ് വരുന്നത് ഞാന്‍ കണ്ടേയില്ല. ഡീസല്‍ അസിസ്റ്റന്റ് റഹ്മാന് അയ്യോ എന്ന് നിലവിളിക്കുന്നത് മാത്രം കേട്ടു. ഞൊടിയിടയ്ക്കുള്ളില്‍ എല്ലാം കഴിഞ്ഞിരുന്നു. ബസില്‍ ഇടിച്ച തീവണ്ടിയുടെ എന്ജിന് ഡ്രൈവര്‍ പി. കമലാക്ഷന്റെ വാക്കുകളാണിത്. തീവണ്ടിയുടെ ഇടതുഭാഗത്താണ് ബസ് വന്നിടിച്ചത്. ഇടതു സൈഡില്‍ ഇരുന്ന ഡീസല്‍ അസിസ്റ്റന്റിന് മാത്രമാണ് ബസ് വരുന്നത് കാണാന്‍ കഴിഞ്ഞിരുന്നത്. ബസ് ലെവല്‍ ക്രോസിന് അടുത്തു വന്നു നില്‍ക്കുമെന്നാണ് അയാളും കരുതിയത്. ബസ് മുന്നോട്ടു നീങ്ങുന്നത് കണ്ടാണ് റഹ്മാന് നിലവിളിച്ചത്. നിലവിളിക്കൊപ്പം ഇടിയും കഴിഞ്ഞിരുന്നു.

ചിതറിത്തെറിച്ച മാംസക്കഷണങ്ങള്‍
ആകാശത്തിലേക്കുയര്‍ന്ന് വട്ടം തിരിഞ്ഞ ബസ്സിന്റെ മേല്ഭാഗമാകെ തകര്‍ത്ത് ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബസിന്റെ മുന്‍ഭാഗത്തെ ചില്ലുകളും ബോഡിയുടെ കുറച്ചു ഭാഗങ്ങളും ട്രെയിന്‍ 400 മീറ്ററോളം മുന്നോട്ടു കൊണ്ടുപോയി. ചേപ്പാട് റെയില്‍വേ സ്റ്റേഷനും കഴിഞ്ഞ് പനവേലില്‍ ക്ഷേത്രത്തിന്റെ ഭാഗത്ത് എത്തിയപ്പോഴാണ് ട്രെയിന്‍ നിന്നത്. എന്ജിന് റൂമിലിരുന്ന ഡ്രൈവറുടെയും ഡീസല്‍ അസിസ്റ്റന്റിന്റെയും ദേഹത്തും എന്ജിന് റൂമിലും ബസ്സിന്റെ ചില്ലുകളും മാംസക്കഷണങ്ങളും വന്നുവീണിരുന്നു. തീവണ്ടിയുടെ എന്‍ജിന്റെ ഡീസല്‍ ടാങ്കും ക്യാബിന്റെ പലഭാഗങ്ങളും ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു. എന്ജിന് കേടുപാടുവന്ന ട്രെയിന്‍ മണിക്കൂറുകള്‍ക്കു ശേഷമാണ് ട്രാക്കില്‍നിന്ന് നീക്കിയത്.
സിനിമയുടെ രസം നുകര്ന്നിരിക്കവേ പാഞ്ഞടുത്ത ദുരന്തം
മരണത്തിലേക്ക് എടുത്തെറിയപ്പെട്ടപ്പോഴും എന്താണ് സംഭവിച്ചതെന്ന് ബസിലുണ്ടായിരുന്നവരില്‍ പലരും അറിഞ്ഞിരുന്നില്ല. യാത്രക്കാര്‍ എല്ലാവരും ബസില്‍ ഇട്ടിരുന്ന സിനിമയില്‍ മുഴുകി ഇരിക്കുകയായിരുന്നു. സുകൃതം എന്ന സിനിമയായിരുന്നു അന്ന് ബസില്‍ ഇട്ടിരുന്നത്. സിനിമ അവസാനിക്കാറായിരുന്നു. സംഗീതവും സംഭാഷണവും കാരണം മറ്റൊന്നും കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..