പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കുന്നു |Screengrab:mathrubhuminews
തിരുവനന്തപുരം: ലൈഫ് മിഷന്‍ ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവെച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വഷണം സ്വീകാര്യമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇ മൊബിലിറ്റി പദ്ധതിയില്‍ തന്റെ വാദങ്ങള്‍ ശരിയായിരുന്നുവെന്ന് തെളിഞ്ഞു. സര്‍ക്കാര്‍ വാദങ്ങള്‍ പൊളിഞ്ഞെന്നതിന് ഉദാഹരമാണ് പിഡബ്ല്യുസിയെ ഒഴിവാക്കാനെടുത്ത തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ലൈഫുമായി ബന്ധപ്പെട്ട് റെഡ്ക്രസന്റുമായുള്ള കരാറിന്റെ കോപ്പി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രണ്ടു തവണ കത്തയച്ചിരുന്നു. ഒന്നര മാസമായിട്ടും മുഖ്യമന്ത്രി കോപ്പി തന്നില്ല. ഈ സാഹചര്യത്തിലാണ് ലൈഫ് മിഷന്‍ ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവെക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതിലൊന്നും സാക്ഷിയാകാനോ മൊഴി നല്‍കാനോ തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ രാജിക്കത്ത് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറുമെന്നും ചെന്നിത്തല വ്യക്തമാക്കി.
20 കോടിയുടെ പദ്ധതിക്ക് ഒമ്പത് കോടി കമ്മീഷനടിച്ചിട്ടും മുഖ്യമന്ത്രി സത്യസന്ധമായ ഒരു മറുപടിയും നല്‍കിയിട്ടില്ല. പരിശോധിക്കുന്നു എന്ന് പറയാന്‍ തുടങ്ങിയിട്ട് ഒന്നര മാസമായി. എന്തോ ചീഞ്ഞ് നാറുന്നുവെന്നാണ് മനസ്സിലാകുന്നത്.
ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ വിജിലന്‍സിന് ഒരു അന്വേഷണവും നടത്താന്‍ സാധിക്കില്ല. വിദേശ ഇടപാടുകളുള്ള ഒരു കേസ് അന്വേഷിക്കാന്‍ അവര്‍ക്ക് പരിമിധികളുണ്ട്. അതുകൊണ്ട് കേസ് സിബിഐക്ക് കൈമാറുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
Content Highlights: Ramesh Chennithala resigns as Special Invitee in Life Mission Task Force
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..