തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ഗവര്‍ണ്ണര്‍ വിളിച്ചുവരുത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ അട്ടിമറി സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
ഫാന്‍ കാരണമാണ് തീപിടിത്തമുണ്ടായതെന്ന സര്‍ക്കാര്‍ വാദത്തെയും രമേശ് ചെന്നിത്തല പരിഹസിച്ചു. സെന്റട്രലൈസ്ഡ് എസി ഉള്ളിടത്ത് എന്തിനാണ് ഫാന്‍ എന്നും അത് കെട്ടിത്തൂക്കിയതാണെന്നും ചെന്നിത്തല ആരോപിച്ചു.
"പൊളിറ്റിക്കല്‍ ഡിപാര്‍ട്‌മെന്റിലാണ് തീപ്പിടിത്തം ഉണ്ടായത്. അവിടെ തീപിടിക്കാനുള്ള ഒരു സാഹചര്യവും ഞങ്ങള്‍ കണ്ടില്ല. സെന്റട്രലൈസ്ഡ് എസി ഉള്ളിടത്ത് എന്തിനാണ് ഫാന്‍. അത് കെട്ടിത്തൂക്കിയതാണ്. അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകളാണ് അവിടെ സൂക്ഷിച്ചിരിക്കുന്നത്. ഈ ഫയലുകള്‍ നശിപ്പിച്ചത് സ്വപ്‌ന സുരേഷിനെ രക്ഷിക്കാനാണ്", ചെന്നിത്തല പറഞ്ഞു.
സെക്രട്ടേറിയറ്റിനുള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച എംഎല്‍എമാരെ തടഞ്ഞ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയേയും ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു
"ചീഫ് സെക്രട്ടറിുടെ പേര് വിശ്വാസ് മേത്തയെന്നാണ്. ഇദ്ദേഹം ഇപ്പോള്‍ അവിശ്വാസ് മേത്തയാണ്. ചീഫ് സെക്രട്ടറി എല്ലാ ഉദ്യോഗസ്ഥരുടെയും നിയന്ത്രണമുള്ള ബ്യൂറോക്രസിയുടെ ഏറ്റവും മേല്‍ത്തട്ടിലുള്ളയാളാണ് അദ്ദേഹമാണ് മാധ്യമപ്രവര്‍ത്തകരെ ഉന്തുകയും തള്ളുകയും ചെയ്തത്. സെക്രട്ടറിയേറ്റ് ഇരിക്കുന്ന സ്ഥലത്തെ എംഎല്‍എയാണ് ശിവകുമാര്‍ . തങ്ങളെ കയറ്റുന്നില്ലെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞപ്പോഴാണ് ഞങ്ങള്‍ വന്നത്. എംഎല്‍എമാര്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രവേശിക്കാന്‍ പോലീസിന്റെ അനുവാദം വേണോ. എംഎല്‍എക്ക് ചീഫ് സെക്രട്ടറിയുടെ റാങ്കാണ്. അവരോട് അപമര്യാദയായി പെരുമാറുക, പിടിച്ചു തള്ളുക എന്നത് ശരിയല്ല. അതിനാലാണ് വരേണ്ടി വന്നതും കുത്തിയിരിക്കേണ്ടി വന്നതും", ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
content highlights: Chennithala Press meet on Secretariat fire