പത്ത് വർഷത്തെ കാത്തിരിപ്പ്, ആറ്റുനോറ്റുണ്ടായ മകൻ ഇനിയില്ല; നെഞ്ചുപൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ


അജയ് ആർ. കാർണവർ

നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു അപകടം. നാടിന്റെ ആവേശം നെഞ്ചിലേറ്റി പ്രിയപ്പെട്ടവർ തുഴഞ്ഞുനീങ്ങിയപ്പോൾ ആരും പ്രതീക്ഷിച്ചില്ല അതൊരു ദുരന്തയാത്രയാകുമെന്ന്. ഓണാട്ടുകരയിലെ പ്രധാനവള്ളമെന്ന നിലയിൽ ചുറ്റുമുള്ള എല്ലാ ഗ്രാമങ്ങളുമായും അനുഷ്ഠാനപരമായി ഒരുപാടു ബന്ധമാണ് ചെന്നിത്തലയ്ക്കുള്ളത്. അതിനാൽ നൂറുകണക്കിനാളുകൾ ചടങ്ങിനെത്തിയിരുന്നു.

• ആദിത്യന്റെ അച്ഛൻ സതീഷിനെ ബന്ധുക്കൾ ആശ്വസിപ്പിക്കുന്നു, ദുഃഖം അടക്കാനാവാതെ കരയുന്ന ആദിത്യന്റെ അമ്മ ശ്രീകല

ചെന്നിത്തല: പ്രാർഥനകൾക്കുശേഷം ആചാരപ്പെരുമയിൽ പുറപ്പെടാനൊരുങ്ങിയ പള്ളിയോടം മറിഞ്ഞ് മൂന്നുജീവൻ പൊലിഞ്ഞതോടെ ഓണാട്ടുകര കണ്ണീർ നനവിലാണ്. പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട വാർത്ത ഉൾക്കൊള്ളാൻ ഇതുവരെ ചെന്നിത്തല ഗ്രാമത്തിനു കഴിഞ്ഞിട്ടില്ല. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ അച്ചൻകോവിലാറ്റിൽ വലിയപെരുമ്പുഴക്കടവിലാണ് ചെന്നിത്തല പള്ളിയോടം മറിഞ്ഞത്.

അറുപതു തുഴച്ചിൽക്കാർക്ക് കയറാവുന്നതാണ് ചെന്നിത്തല പള്ളിയോടം. എന്നാൽ, പ്രദക്ഷിണ തുഴച്ചിൽസമയത്ത് അതിലേറെപ്പേർ വള്ളത്തിൽ കയറിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആ സമയത്ത് തുഴച്ചിൽക്കാർ അല്ലാത്തവരും വഴിപാടായി വള്ളത്തിൽ കയറിയിരുന്നു. അച്ചൻകോവിലാറ്റിലെ ജലനിരപ്പും അപകടത്തിന് ആക്കംകൂട്ടി. വള്ളപ്പാട്ട് പാടിത്തുഴഞ്ഞ് ആദ്യ 200 മീറ്ററിനുള്ളിൽത്തന്നെ വള്ളംമറിഞ്ഞു.

കോവിഡിനു ശേഷമുള്ള കരയുടെ ആഘോഷം

കഴിഞ്ഞ രണ്ടുവർഷം ചെന്നിത്തല പള്ളിയോടത്തിന് ആറന്മുളയിൽ എത്താനായിരുന്നില്ല. അതിനാൽ ഇത്തവണ നാട്ടുകാർ ഏറെ ആവേശത്തിലായിരുന്നു. വള്ളംമറിഞ്ഞ ആദ്യനിമിഷംതന്നെ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്.

സമീപത്തുണ്ടായിരുന്ന ചെറുവള്ളങ്ങളും മുങ്ങിത്താഴ്ന്നവരുടെ രക്ഷയ്ക്കെത്തി. ആദിത്യനെ കാണാതായതാണ് ആദ്യം സ്ഥിരീകരിച്ചത്. മറ്റുള്ളവർ അപകടത്തിൽപ്പെട്ടത് ആദ്യമണിക്കൂർ പിന്നിട്ട ശേഷമാണ് ഉറപ്പായത്. സംഭവസമയത്തെ വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അപകടത്തിൽപ്പെട്ടവരുടെ സൂചന പുറത്തുവന്നത്. അഗ്നിരക്ഷാസേന, സ്കൂബ ഡൈവിങ് ടീം, പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.

പള്ളിയോടത്തിന് അമ്പതുമീറ്റർ ദൂരെമാറിയാണ് ആദിത്യന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് രണ്ടുമണിക്കൂറിനുള്ളിൽ വിനീഷിന്റെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു.

അണഞ്ഞുപോയി ആറ്റുനോറ്റുണ്ടായ ആദിത്യൻ

ചെന്നിത്തല: പ്രാർഥനയും വഴിപാടുമായി ആറ്റുനോറ്റുണ്ടായ ഏകമകൻ ആദിത്യനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് ആ മാതാപിതാക്കൾ. മകനുവേണ്ടി നേർന്ന വള്ളസദ്യയടക്കം പള്ളിയോടക്കരയിലെവീട്ടിൽ നടത്തിയിരുന്നു. ചെന്നിത്തല പഞ്ചായത്ത് 17-ാം വാർഡ് പരിയാരത്തുവീട്ടിൽ സതീശൻ-ശ്രീകല ദമ്പതിമാർക്ക് ഒരാൺകുഞ്ഞു ജനിച്ചത് പത്തുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ്. കുഞ്ഞ് ആദിത്യൻ വളർന്നിപ്പോൾ പതിനെട്ടുകാരനായിരുന്നു. പള്ളിയോടം മറിഞ്ഞതോടെ അവരുടെ ആദിത്യൻ എന്നേക്കുമായി അണഞ്ഞുപോയി.

ഉത്രട്ടാതി വള്ളംകളിക്കായി ശനിയാഴ്ച ആറന്മുളയ്ക്കു യാത്രതിരിക്കുന്നതിനുമുമ്പ് ചെന്നിത്തല പള്ളിയോടം അച്ചൻകോവിലാറ്റിൽ പ്രദക്ഷിണം നടത്തുമ്പോൾ അതിൽ ആദിത്യനുമുണ്ടായിരുന്നു. അപ്രതീക്ഷിതമായി പള്ളിയോടം മറിഞ്ഞതോടെ ആദിത്യൻ ആറിന്റെ കയങ്ങളിൽപ്പെട്ടു. രണ്ടര മണിക്കൂറിന്റെ തിരിച്ചിലിനുശേഷമാണു മൃതശരീരം കണ്ടെത്തി കരയിലെത്തിച്ചത്.

ആദിത്യന്റെ മൃതദേഹം അച്ചൻകോവിലാറ്റിൽനിന്ന് സ്കൂബാ ഡൈവിങ് ടീം കണ്ടെടുക്കുന്നു

മറുകരയിൽ പള്ളിയോടച്ചടങ്ങുകൾനടന്ന പന്തലിൽ മാതാപിതാക്കൾ നെഞ്ചുപൊട്ടിക്കരയുമ്പോൾ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നിലവിളിച്ചുപോയി. ഒപ്പമുണ്ടായിരുന്ന ആദിത്യന്റെ അമ്മൂമ്മ ശാന്തമ്മ ബോധരഹിതയായി വീണു. കുഞ്ഞിക്കാലിനായുള്ള വള്ളസദ്യ അമ്മൂമ്മയുടെ ആഗ്രഹപ്രകാരമാണു നടത്തിയത്.

നേരത്തേ ആറന്മുള വള്ളംകളിക്കുമുന്നോടിയായി നടത്തിയ വഞ്ചിപ്പാട്ടു മത്സരത്തിലടക്കം ആദിത്യൻ പങ്കെടുത്തിരുന്നു. പ്ലസ്ടു ജയിച്ച ആദിത്യൻ ചൊവ്വാഴ്ച എൻജിനിയറിങ് ബിരുദപഠനത്തിനു ചേരാനിരിക്കുകയായിരുന്നു. സംസ്കാരം ഞായറാഴ്ച നടത്തും.

നോക്കിനിൽക്കെ അപകടം; നിസ്സഹായരായി പുരുഷാരം

നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു അപകടം. നാടിന്റെ ആവേശം നെഞ്ചിലേറ്റി പ്രിയപ്പെട്ടവർ തുഴഞ്ഞുനീങ്ങിയപ്പോൾ ആരും പ്രതീക്ഷിച്ചില്ല അതൊരു ദുരന്തയാത്രയാകുമെന്ന്. ഓണാട്ടുകരയിലെ പ്രധാനവള്ളമെന്ന നിലയിൽ ചുറ്റുമുള്ള എല്ലാ ഗ്രാമങ്ങളുമായും അനുഷ്ഠാനപരമായി ഒരുപാടു ബന്ധമാണ് ചെന്നിത്തലയ്ക്കുള്ളത്. അതിനാൽ നൂറുകണക്കിനാളുകൾ ചടങ്ങിനെത്തിയിരുന്നു.

പരിശോധിക്കും, സുരക്ഷ ഉറപ്പാക്കും -പി. പ്രസാദ്

പള്ളിയോടം മറിയാനിടയായ സാഹചര്യത്തെക്കുറിച്ച് പ്രത്യേകം പരിശോധിക്കേണ്ടതുണ്ടെന്നു സ്ഥലത്തെത്തിയ മന്ത്രി പി. പ്രസാദ് പറഞ്ഞു. പള്ളിയോടങ്ങളിൽ കൂടുതൽസുരക്ഷ ഉറപ്പാക്കാനുള്ള നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

• ചെന്നിത്തല പള്ളിയോടംമറിഞ്ഞ് അച്ചൻകോവിലാറ്റിൽ കാണാതായവർക്കായി
തിരച്ചിൽ നടത്തുന്നത് നോക്കിനിൽക്കുന്ന നാട്ടുകാർ

അച്ചൻകോവിലാറ്റിലെ പ്രദക്ഷിണം

ആറന്മുളയ്ക്കു പുറപ്പെടുന്നതിനുമുമ്പ് പള്ളിയോടം മുന്നോട്ടുപോയി തിരികെവരുന്ന ചടങ്ങാണ് പ്രദക്ഷിണം. നീരണിഞ്ഞശേഷം അനുഷ്ഠാനപരമായ ആദ്യചടങ്ങാണിത്. കരനാഥന്മാരുടെ നേതൃത്വത്തിൽ യാത്രയുടെ വരവ് അറിയിച്ച് കരക്കാർ പാടിത്തുഴഞ്ഞ് പ്രദക്ഷിണം വെക്കുന്നതാണു ചടങ്ങ്. പുറപ്പാടിനു മുമ്പ് ആദ്യ ആചാരവെടി മുഴങ്ങുമ്പോൾ വഞ്ചിപ്പാട്ടോടുകൂടി ചടങ്ങ് തുടങ്ങും. നദിയിൽ ഒന്ന് കളിച്ചുപ്രദക്ഷിണം വെക്കുകയായിരുന്നു പള്ളിയോടം.

ആറന്മുളക്കരകളിൽ ഏറ്റവും ദൂരത്തുനിന്ന് എത്തുന്ന പള്ളിയോടം ചെന്നിത്തലയായതുകൊണ്ട് ഒരുപാടുകരകളിൽ ആചാരാനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയാണ് വള്ളം ഉത്രട്ടാതി ജലമേളയ്‌ക്കെത്തുന്നത്.

വിനീഷിന്റെ മരണം വിദേശത്തേക്ക് മടങ്ങാനിരിക്കെ

ചെന്നിത്തല: കോവിഡ് പ്രതിസന്ധിക്കിടയിൽ നാട്ടിലെത്തിയതായിരുന്നു വിനീഷ്. രണ്ടരവർഷത്തിനുശേഷം ചൊവ്വാഴ്ച വിദേശത്തേക്ക് ജോലിക്കായി മടങ്ങാനിരിക്കെയാണ് വിനീഷ് (38) അച്ചൻകോവിലാറിന്റെ അടിത്തട്ടിലേക്കു വീണുപോയത്. ആറന്മുള ജലമേളയിലും പങ്കെടുത്തു പ്രതീക്ഷയോടെ വിദേശത്തേക്കു മടങ്ങാനിരിക്കെയാണ് ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിനെ ദുഃഖത്തിലാഴ്ത്തി വിനീഷ് യാത്രയായത്.

വിനീഷിന്റെ മൃതദേഹം നദിയിൽനിന്ന് കരയ്‌ക്കെത്തിച്ചപ്പോൾ

ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പറയെടുപ്പിലും സാന്നിധ്യമായിരുന്നു ചെറുകോൽ മനാശ്ശേരിൽ വിനീഷ് എന്ന ചെറുപ്പക്കാരൻ. ക്ഷേത്രത്തിലെ അനുഷ്ഠാനപരമായ മേളം നടത്തുന്ന മേച്ചേരിൽ കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം. അച്ഛൻ വിജയൻ നായർക്കൊപ്പമാണ് മേളത്തിനെത്തുന്നത്. മകരത്തിലെ പൂയ്യംമുതൽ മീനത്തിലെ അശ്വതിവരെ ഇത്തവണയും സജീവമായിരുന്നു. ചെണ്ടയിൽ മികച്ചപ്രതിഭയായിരുന്നു.

• വിനീഷിന്റെ മൃതദേഹം കരയ്ക്കെത്തിച്ചപ്പോൾ വിങ്ങിപ്പൊട്ടിക്കരയുന്ന സഹോദരി വിദ്യ

അപകടം കണ്ടു വിറങ്ങലിച്ച് തട്ടകദേശം

ചെന്നിത്തല: ഓരോ മൃതദേഹവും അച്ചൻകോവിലാറ്റിൽനിന്നു മുങ്ങിയെടുത്ത് എത്തിച്ചപ്പോൾ കരയിൽ തടിച്ചുകൂടിയവരിൽനിന്നു നിലവിളിയുയർന്നു. തങ്ങളുടെ മുൻപിലൂടെ വഞ്ചിപ്പാട്ടുപാടി വള്ളത്തിലേക്ക് ആഘോഷത്തിമർപ്പുമായി നടന്നുപോയവർ നിശ്ചലശരീരങ്ങളായി തിരിച്ചെത്തുന്നത് ഉൾക്കൊള്ളാൻ അവർക്കായില്ല.

വഞ്ചിപ്പാട്ടിന്റെ ഈരടിയും ആർപ്പൂവിളികളുടെ ആരവങ്ങളും നിറഞ്ഞുനിന്ന അന്തരീക്ഷത്തിലേക്കാണ് അപകടമെത്തിയത്. ആയിരങ്ങൾ കരയിൽ നോക്കിനിൽക്കെയാണ് ചെന്നിത്തലയുടെ സ്വന്തം പള്ളിയോടം അച്ചൻകോവിലാറിലേക്കു മറിഞ്ഞത്. ദുരന്തം ഇത്രയും ഭീകരമാകുമെന്ന് അപ്പോൾ ആരും പ്രതീക്ഷിച്ചില്ല.

പള്ളിയോടത്തിന്റെ പടവുകളിൽ ഓടിക്കളിക്കുന്ന തലമുറയ്ക്ക് ആറ് നീന്തിക്കടക്കാനുള്ള വൈഭവവും മുങ്ങാംകുഴിയിട്ട് നിവരാനുമുള്ള കഴിവുമുണ്ടെന്ന് എല്ലാവർക്കുമറിയാം. അമരത്ത് പങ്കായവുമായി വള്ളത്തെ നിയന്ത്രിക്കുന്നവർക്കു കണക്ക് അണുവിട തെറ്റില്ലെന്നുമുള്ള പ്രതീക്ഷകളെ മുഴുവൻ തെറ്റിക്കുന്നതായിരുന്നു അപകടം.

ഏറ്റവും അകലത്തുനിന്നു ചെല്ലുന്ന തങ്ങളുടെ പള്ളിയോടം ആറന്മുളഭഗവാന് വെറ്റിലയും പാക്കും പുകയിലയും അവൽപ്പൊതിയും സമർപ്പിച്ച്‌ ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുത്ത് ട്രോഫിയുമായി മടങ്ങിയെത്തുമെന്നു പ്രാർഥിച്ചിരുന്ന തട്ടകദേശത്തെ ജനതയുടെ കൺമുൻപിലാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്.

ഒരാൾക്ക് ഒരാളെയല്ലേ രക്ഷിക്കാൻ കഴിയൂ

ചെന്നിത്തല: ‘ഒരാൾക്ക് ഒരാളെയല്ലേ രക്ഷിക്കാൻ കഴിയൂ, കൂടുതൽ ആളുകൾ കൈനീട്ടിയാൽ എന്തുചെയ്യും?” മറിഞ്ഞ ചെന്നിത്തല പള്ളിയോടത്തിന്റെ അമരത്തുണ്ടായിരുന്നവരിൽ ഒരാളായ ചെന്നിത്തല പനമ്പിലാവിൽ രാജേന്ദ്രപ്രസാദ് പറയുന്നു. വലിയപെരുമ്പുഴ പള്ളിയോടക്കടവിൽനിന്ന് ശനിയാഴ്ച രാവിലെ പ്രദക്ഷിണത്തിനായാണ് ഒഴുക്കിനെതിരേ പള്ളിയോടം തുഴഞ്ഞുതുടങ്ങിയത്. തീരം ചേർന്നാണ് തുഴച്ചിൽ. കുറച്ചു മുന്നോട്ടുചെന്ന് തിരിച്ചു വീണ്ടും പള്ളിയോടക്കടവിൽ എത്തും. പിന്നീടാണ് നിശ്ചിത എണ്ണം ആളുകളുമായി ആറന്മുളയ്ക്കു തിരിക്കുന്നത്. പള്ളിയോടം തിരിക്കുന്ന സമയത്ത് ആരെങ്കിലും അതിൽനിന്നു കുലുങ്ങുകയോ ചാടുകയോ ചെയ്താൽ അമരത്തു നിൽക്കുന്നവർക്ക് വള്ളം നിയന്ത്രിക്കാൻ ബുദ്ധിമുട്ടാകും.

• എം.എൽ.എ.മാരായ രമേശ് ചെന്നിത്തല, അരുൺകുമാർ, സജി ചെറിയാൻ എന്നിവർ അപകടം നടന്ന സ്ഥലം സന്ദർശിക്കുന്നു

നഷ്ടപരിഹാരം നൽകണം - കൊടിക്കുന്നിൽ

ആലപ്പുഴ: ചെന്നിത്തല പള്ളിയോടം മറിഞ്ഞ് മരിച്ചവരുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും സാധ്യമായ എല്ലാ സഹായവും നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് കൊടിക്കുന്നിൽ സുരേഷ് എം.പി. ആവശ്യപ്പെട്ടു. സംഭവത്തിൽ ആലപ്പുഴ കളക്ടറുമായി എം.പി. ആശയവിനിമയം നടത്തി.

കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു

ആലപ്പുഴ: ചെന്നിത്തല വലിയപെരുമ്പുഴ തെക്കേക്കടവിൽ ചെന്നിത്തല പള്ളിയോടം മറിഞ്ഞ് രണ്ടുപേർ മരിക്കുകയും രണ്ടുപേരെ കാണാതാകുകയും ചെയ്ത സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് കളക്ടർ വി.ആർ. കൃഷ്ണതേജ ഉത്തരവിട്ടു. ഏഴുദിവസത്തിനകം വിശദമായ റിപ്പോർട്ട് കളക്ടർക്കു സമർപ്പിക്കുന്നതിന് ചെങ്ങന്നൂർ ആർ.ഡി.ഒ. സുമയെ ചുമതലപ്പെടുത്തി.

Content Highlights: chennithala palliyodam overturned alappuzha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented