തിരുവനന്തപുരം: ഞായറാഴ്ചയും തിങ്കളാഴ്ചയും ശബരിമലയില്‍ നടന്ന നാടകങ്ങള്‍ കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് പോലീസിനും പൊതുജനങ്ങള്‍ക്കും ഒരു പോലെ അപമാനകരമാണെന്ന് ചെന്നിത്തല പറഞ്ഞു. 

ശബരിമലയുടെ കാര്യത്തില്‍ നാഥനും നമ്പിയുമില്ലാത്ത അവസ്ഥയാണുള്ളതെന്ന് ചെന്നിത്തല വിമര്‍ശിച്ചു. ദേവസ്വം മന്ത്രി കുറ്റപ്പെടുത്തുന്നത് നിരീക്ഷക സമിതിയേയും സമിതി ഇതില്‍ തങ്ങള്‍ക്ക് കാര്യമില്ലെന്ന് പറഞ്ഞ് കൈയൊഴിയുകയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമലയില്‍ മുമ്പില്ലാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഭക്തരുടെ വികാരങ്ങളെ മാനിക്കാത്ത നടപടികളോട് യോജിക്കാനാവില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. ആചാരലംഘനം നടത്തി ഭക്തരെ പ്രതിസന്ധിയിലാക്കുന്ന നിലാപാട് സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും മകരവിളക്ക് വരെ ഭക്തര്‍ക്ക് ശാന്തമായി ദര്‍ശനം നടത്താനുള്ള അവസരമൊരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ ഹര്‍ജിയും പുനഃപരിശോധന ഹര്‍ജികളും കോടതി പരിഗണിക്കാനിരിക്കെ യുവതി പ്രവേശം അടഞ്ഞ അധ്യായമല്ലേയെന്നും ചെന്നിത്തല ചോദിച്ചു.

Content Highlights: Sabarimala Women Entry, Sabarimala Women Entry Protest, Ramesh Chennithala