ഇരിട്ടി: വാഹനാപകടത്തിൽ മരിച്ച ചെന്നൈ സ്വദേശി ഗൗതമിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്താൻ അതിവേഗം ഇടപെട്ട ഇരിട്ടി പോലീസിന്റെ കരുതലിൽ അദ്ഭുതത്തോടെ ബന്ധുക്കളും ചെന്നൈ പോലീസും. ഇരിട്ടി സ്റ്റേഷൻ പരിധിയിൽ അപകടത്തിൽപ്പെട്ട് നാട്ടിൽ ചികിത്സയിലിരിക്കേയാണ് ഗൗതം മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാനും ഇരിട്ടിയിൽനിന്ന് പോലീസ് എത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടം നടത്താൻ ചുരുങ്ങിയത് രണ്ടുമൂന്ന് ദിവസമെങ്കിലും എടുക്കുമെന്ന് ചെന്നൈ പോലീസ് കുടുംബത്തെ ധരിപ്പിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഇരിട്ടി പോലീസ് ചെന്നൈയിൽ എത്തിയത്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിലും മഴയിലും ചെന്നൈ നഗരം വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് പ്രതികൂല സാഹചര്യങ്ങളെയെല്ലാം മറികടന്നുള്ള കേരള പോലീസിന്റെ കരുതൽ തമിഴ്നാട് പോലീസിനെയും അമ്പരപ്പിച്ചത്.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെയാണ് ഗൗതം (28) മരിച്ചത്. ഐ.ടി. ജീവനക്കാരനായ ഗൗതം മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ചെന്നൈയിൽനിന്ന് ഒരുമാസം മുമ്പ് കേരളത്തിലെ വിവിധ സ്ഥലങ്ങൾ കാണാനെത്തി തിരിച്ചുപോകുമ്പോൾ ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ കുന്നോത്ത് 32-ാം മൈലിൽ ആയിരുന്നു അപകടം.
ഇവർ സഞ്ചരിച്ച കാർ എതിരേവന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ ഗൗതമിനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ഏറെ നാൾ കഴിഞ്ഞശേഷം വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് മാറ്റി. അവിടെനിന്നാണ് ഞായറാഴ്ച പുലർച്ചെ മരിച്ചത്.
ഇരിട്ടിയിൽവെച്ചുണ്ടായ അപകടമായതിനാൽ ഇൻക്വസ്റ്റ് നടത്തേണ്ടത് ഇരിട്ടി പോലീസായിരുന്നു. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഇരിട്ടി ഇൻസ്പെക്ടർ എ. കുട്ടിക്കൃഷ്ണന് ഇത് സംബന്ധിച്ച് കുടുംബത്തിൽനിന്ന് വിവരം ലഭിച്ചത്. ഉടൻതന്നെ ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്കുള്ള യാത്രയ്ക്ക് ഏർപ്പാട് ചെയ്തു. അവധിയിലായിരുന്ന എസ്.ഐ. റെജി സ്കറിയ അവധി ഒഴിവാക്കി ചെന്നൈയിലേക്ക് പോകാൻ സന്നദ്ധത അറിയിച്ചതോടെ പിന്നീട് സംഭവിച്ചതെല്ലാം മിന്നൽവേഗത്തിലായിരുന്നു.
ഇൻസ്പെക്ടർ കുട്ടിക്കൃഷ്ണൻ മട്ടന്നൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്കുള്ള വിമാനത്തിൽ യാത്രാസൗകര്യം ഒരുക്കി. അപകടവുമായി ബന്ധപ്പെട്ട് ഇരിട്ടി പോലീസ് തയ്യറാക്കിയ എഫ്.ഐ.ആർ. ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി. ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഇരിട്ടി എസ്.ഐ. റെജിസ്കറിയ ചെന്നൈ പോലീസ് സ്റ്റേഷനിൽ എത്തുമ്പോൾ ഇരിട്ടി പോലീസിന് രേഖാമൂലം നൽകാനുള്ള ഇൻക്വസ്റ്റിനുള്ള അറിയിപ്പുപോലും ചെന്നൈ പോലീസ് തയ്യറാക്കിയിരുന്നില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ച് കാത്തിരിക്കേണ്ട സാഹചര്യം ഇരിട്ടി പോലീസ് ഇല്ലാതാക്കിയത് കുടുംബത്തിന് വലിയ ആശ്വാസവുമായി.
Content Highlights: Iritty police`s quick response in conducting an inquest for a Chennai man who died after an accident
Published: 02 Dec 2024, 09:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented