പത്തനംതിട്ട: ചെങ്ങറ സമര നായകൻ ളാഹ ഗോപാലൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ആദിവാസി വിഷയങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ആളെന്ന നിലയിൽ ളാഹ ഗോപാലൻ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ കഴിഞ്ഞ കുറേക്കാലമായി ആരോഗ്യപ്രശ്നങ്ങൾ കാരണം പൊതുരംഗത്ത് നിന്നും ഭൂസമര പ്രതിഷേധ രംഗത്ത് നിന്നും പരിപൂർണ്ണമായും വിട്ടു നിൽക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ളാഹയിൽ നിന്ന് താമസം മാറുകയും ചികിത്സാ ആവശ്യത്തിന് കൂടുതൽ സൗകര്യപ്രദമായ ഇടം എന്ന നിലയിൽ പത്തനംതിട്ടയിൽ താമസിച്ച് വന്നത്

കഴിഞ്ഞ മാസം 21-ാം തീയതിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതൽ മോശമാവുകയും പിന്നീട് കോവിഡ് ഐസിയുവിലേക്ക് മാറ്റുകയുമായിരുന്നു. ഇന്ന് രാവിലെ 11.20ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.

ളാഹ ഗോപാലൻ നയിച്ച ആദിവാസി വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടി. 

1950ൽ ആലപ്പുഴ ജില്ലയിൽ തഴക്കരയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. എട്ടാം വയസ്സിൽ തന്നെ അദ്ദേഹത്തിന് മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ദുരിത ജീവിതമായിരുന്നു. 

കെഎസ്ഇബിയിൽ മസ്ദൂറായി ജോലിയിൽ പ്രവേശിച്ചു. 2005ൽ ഓവർസീയറായി വിരമിക്കുകയായിരുന്നു. പിന്നീട് സജീവമായി ആദിവാസി ഭൂമി വിഷയം മുൻ നിർത്തി പ്രക്ഷോഭങ്ങൾ നയിക്കുകയായിരുന്നു. ളാഹയിൽ താമസ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിക്കുകയും പിന്നീട് അത് തന്നെ സമരഭൂമിയായി മാറ്റുകയും ചെയ്തു.

മാറി മാറി വരുന്ന സർക്കാരുകളുടെ ഭാഗത്ത് നിന്ന് അനുകൂലമായ ഒരു തീരുമാനം ആദിവാസികളുടെ വിഷയത്തിൽ ഉണ്ടാകുന്നില്ല എന്ന് ചൂണ്ടിക്കാട്ടി സെക്രട്ടേറിയറ്റിന് മുന്നിൽ ആദിവാസികളെ എത്തിച്ച് സമരം ചെയ്യുകയും ചെയ്തു.

Content Highlights: chengara leader laha gopalan passed away