പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
ശബരി പദ്ധതിയെ കൂടാതെ ബദല്‍ അലൈൻമെന്റ് കൂടി പഠിക്കുന്നുവെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞതിന് പിന്നാലെ ശബരിമല റെയില്‍പാത സംബന്ധിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടന്നുവരികയാണ്. പമ്പാ നദിയുടെ തീരത്തുകൂടി ചെങ്ങന്നൂര്‍-പമ്പ ആകാശപാതയാണ് റെയില്‍വേ മന്ത്രി പറഞ്ഞ ബദല്‍ അലൈമെന്റ്. ഇത് അങ്കമാലി-എരുമേലി ശബരി പാത പദ്ധതിക്ക് തുരങ്കംവെക്കുമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ രണ്ടും രണ്ടാണെന്നും ഒന്ന് ഒന്നിന് തടസ്സമാകില്ലെന്നുമാണ് ചെങ്ങന്നൂര്‍-പമ്പ പാതയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ചെങ്ങന്നൂര്‍ കൊല്ലക്കടവ് സ്വദേശിയായ ഫാ. എം.കെ.വര്‍ഗീസ് കോർ എപ്പിസ്‌കോപ്പയാണ് ചെങ്ങന്നൂര്‍-പമ്പ പാതയ്ക്കുള്ള ആശയം മുന്നോട്ട് വെച്ചത്. 1.88 കോടി രൂപ ചെലവിട്ട് കേന്ദ്ര റെയില്‍വേ മന്ത്രാലയം പഠിച്ച ഈ പാതയുടെ ഡി.പി.ആര്‍. ജൂണില്‍ സമര്‍പ്പിക്കാനിരിക്കെ പദ്ധതിയുടെ ആശയം രൂപപ്പെട്ടത് സംബന്ധിച്ചും അധികൃതര്‍ക്ക് മുന്നില്‍ ഇത് എത്തിക്കുന്നതിനായി നടത്തിയ പ്രയത്‌നങ്ങളും വിവരിക്കുകയാണ് ഫാ. എം.കെ.വര്‍ഗീസ്.
'അയ്യപ്പഭക്തരുമായി ഇടപ്പെട്ട് ജീവിക്കുന്ന കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. അതുകൊണ്ട് തന്നെ അവരുടെ യാത്രകളും മറ്റും കുട്ടിക്കാലം തൊട്ടേ ശ്രദ്ധയിലുണ്ട്. ഇതിനിടയില്‍ 2011-ല്‍ പുല്ലുമേടില്‍ മണ്ണിടിഞ്ഞ് 106 അയ്യപ്പ ഭക്തര്‍ക്ക് ജീവന്‍ നഷ്ടമായി. കൃത്യ സമയത്ത് വൈദ്യസഹായം ലഭിച്ചിരുന്നെങ്കില്‍ അത്രയും പേര്‍ക്ക് ജീവന്‍ നഷ്ടമാകില്ലായിരുന്നുവെന്നതാണ് എന്റെ ശ്രദ്ധ ഇതിലേക്ക് നയിച്ചത്. അതിനൊരു പരിഹാരമായി ആദ്യം റോഡിന് വീതി കൂട്ടുന്നത് സംബന്ധിച്ച ഒരു പഠനമാണ് ഞാന്‍ നടത്തിയത്. എന്നാല്‍, വനത്തിലൂടെയുള്ള പാതയ്ക്ക് വീതി കൂട്ടുന്നതിനുള്ള തടസ്സങ്ങള്‍ ബോധ്യമായി.
പിന്നീട് റോപ് വേയെ കുറിച്ചാണ് ആലോചിച്ചത്. എന്നാല്‍, ഇവിടം തീര്‍ത്ഥാടന അന്തരീക്ഷത്തില്‍നിന്ന് മാറി ടൂറിസം മേഖലയിലേക്ക് മാറുമെന്ന് കണ്ട് അതും ഉപേക്ഷിച്ചു. ഈ സന്ദര്‍ഭത്തിലാണ് ചെങ്ങന്നൂര്‍ വഴി പോകുന്ന പമ്പാ നദിയുടെ സാധ്യതകളെ കുറിച്ച് ആലോചിക്കുന്നത്. അതിന്റെ തീരത്തിലൂടെ റെയില്‍വേ പാത എന്ന ആശയത്തിന്റെ പുറത്ത് രേഖകളൊക്കെ ശേഖരിച്ചു. 76 കിലോ മീറ്റർ മാത്രമേ ചെങ്ങന്നൂരില്‍നിന്ന് പമ്പയിലേക്കുള്ളൂ എന്ന് മനസ്സിലാക്കി. പഠനത്തിന്റെ ഭാഗമായി ഏഴ് തവണ പമ്പാ തീരത്ത്കൂടെയും നദിയിലൂടെയും യാത്ര നടത്തി. ഇതിന് ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ട് എ.പദ്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് കൈമാറാനായി അദ്ദേഹത്തിന് നല്‍കി.
2021-കേരള നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അത്. തിരഞ്ഞെടുപ്പിന് ശേഷം കൈമാറാമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. തുടര്‍ന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. ഇതിനിടയില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ റിപ്പോര്‍ട്ടിന് അനക്കം ഉണ്ടായി. ചീഫ് സെക്രട്ടറിക്ക് മുഴുവന്‍ പദ്ധതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. തുടര്‍ന്ന് പലതവണ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിപ്പിക്കുകയും റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ചെയ്‌തെങ്കിലും കെ-റെയിലിന്റെ തിരക്കുകള്‍ക്കിടയില്‍ ചെങ്ങന്നൂര്‍-പമ്പ പാതയുടെ പദ്ധതി മുങ്ങി. റെയില്‍വേയുടേയും വനം മന്ത്രാലയത്തിന്റേയും അനുമതികള്‍ക്ക് ശേഷമേ സംസ്ഥാന സര്‍ക്കാരിന് എതേങ്കിലും തരത്തില്‍ ഇടപെടാന്‍ കഴിയൂ എന്നാണ് പിന്നീട് അറിയിപ്പുണ്ടായത്. എന്നാല്‍, മരിക്കുന്നതിന് മുമ്പ് ആശയം നടപ്പാകുന്നത് കാണാനുള്ള ആഗ്രഹംകൊണ്ട് മെട്രോമാന്‍ ഇ. ശ്രീധരനെ പോയി കണ്ടു. വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് അദ്ദേഹം ആദ്യം താത്പര്യം പ്രകടിപ്പിച്ചില്ല. പിന്നീട് വീണ്ടും പോയി കണ്ട് കാര്യങ്ങള്‍ വിവരിച്ചപ്പോഴാണ് റിപ്പോര്‍ട്ട് സ്വീകരിച്ചത്.
-pdf.jpg?$p=553e242&&q=0.8)
തുടര്‍ന്ന് ഇ. ശ്രീധരന്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയിലേക്ക് ഇത് കൊണ്ടുവരികയും റെയില്‍വേ ബോര്‍ഡിന് മുന്നില്‍ വെക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ പ്രാഥമിക പഠനത്തിനായി 1.88 കോടി നീക്കിവെച്ചത്. ജൂണോടെ റെയില്‍വേ നടത്തിയ പഠനം പൂര്‍ത്തീകരിച്ച് ഡി.പി.ആര്‍. റെയില്‍വേ ബോര്‍ഡിന് മുന്നിലെത്തും- ഫാ. വര്‍ഗീസ് പറഞ്ഞു.
പ്രയോജനങ്ങളും മറ്റു നിര്‍ദേശങ്ങളും
ചെങ്ങന്നൂര്‍-പമ്പ പാത വരുന്നത് മൂലം ശബരിമല തീര്‍ത്ഥാടകര്‍ക്കുണ്ടാകുന്ന പ്രയോജനങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് ഫാ. വര്‍ഗീസ്. അതോടൊപ്പം പദ്ധതിയുമായി ബന്ധപ്പെട്ട് മറ്റു ചില നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെക്കുന്നുണ്ട്.
- തീര്‍ത്ഥാടകര്‍ക്ക് പെട്ടെന്ന് പോകാനും വരാനും സാധിക്കുന്നത് കൊണ്ട് ശബരിമലയില്‍ ആളുകള്‍ കൂടുതല്‍ സമയം തങ്ങിനില്‍ക്കില്ല.
- ആയിരക്കണക്കിന് വാഹനങ്ങള്‍ വനപാതകളിലൂടെ കടന്നുവരുന്നതു മൂലമുള്ള മലിനീകരണം ഇതോടെ കുറയും.
- വനമേഖലയിലെ മനുഷ്യ ഇടപെടലുകള്‍ കാര്യമായി കുറയും. വന്യമൃഗങ്ങള്‍ക്ക് സ്വസ്ഥതയോടെ സഞ്ചരിക്കാനുമാകും.
- വളരെക്കുറച്ച് വാഹനങ്ങള്‍ മാത്രം പമ്പയില്‍ എത്തിക്കേണ്ടി വരുന്നതിനാല്‍ പാര്‍ക്കിങ്ങിന് കൂടുതല്‍ സ്ഥലമേറ്റെടുക്കേണ്ടി വരില്ല.
- യാത്രാസൗകര്യം കൂടുന്നതോടെ പമ്പയിലും സന്നിധാനത്തും ഭക്തര്‍ അധികസമയം തങ്ങുന്നതും ഒഴിവാകും.
- വനപാതയില്‍ തീര്‍ഥാടന കാലത്തുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാനുമാകും.
- ശാന്തമായ ആത്മീയ അന്തരീക്ഷം കൊണ്ടുവരാന്‍ കഴിയും
- ചെങ്ങന്നൂര്‍, ആറന്മുള, കോഴഞ്ചേരി, ചെറുകോല്‍പുഴ, റാന്നി, വടശേരിക്കര, മുക്കം, അത്തിക്കയം,പെരുന്തേനരുവി, കണമല, അട്ടത്തോട് തുടങ്ങി പത്ത് സ്റ്റേഷനുകളാണ് മുന്നോട്ട് വെക്കുന്നത്
- ശബരിമല സീസണ്‍ സയമങ്ങളില്‍ പമ്പയിലേക്ക് പോകുമ്പോള്‍ ആറന്മുളയില്‍ മാത്രമാണ് സ്‌റ്റോപ്പുള്ളത്.
- ചെങ്ങന്നൂരില്‍ വിശാലമായ പാര്‍ക്കിങ് സൗകര്യങ്ങള്‍, ഹോട്ടലുകള്‍ എന്നിവ വരും.
- നിരവധി പേർക്ക് തൊഴില്‍സാധ്യത.
.jpg?$p=9c801e7&&q=0.8)
ശബരിപാതയ്ക്ക് എതിരോ?
''അങ്കമാലി-എരുമേലി റെയില്‍പാത ഈ പാതയ്ക്ക് എതിരല്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട വരെയുള്ള ആളുകള്‍ക്കാണ് ഇത് പ്രധാനമായും പ്രയോജനപ്പെടുക. ഈ ഭാഗത്തുള്ള ആളുകള്‍ അങ്കമാലിയില്‍ ചെന്ന് ശബരിമലക്ക് പോകില്ല. അവിടെയുള്ള ആളുകള്‍ ചെങ്ങന്നൂരില്‍ തുടങ്ങുന്ന ഈ പാതയിലേക്കും വരില്ല. അതുകൊണ്ട് തന്നെ ഒന്ന് മറ്റൊന്നിന് തടസ്സമാണെന്ന വാദത്തിന് അടിസ്ഥാനമില്ല. എരുമേലയില്‍നിന്ന് കണമലയിലേക്ക് ഒരു കണക്ഷന്‍ കൂടി നല്‍കിയാല്‍ ശബരിപാതയിലെത്തുന്നവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും''.
ശബരിമലയിലേക്ക് രണ്ട് ലൈനുകളാണ് റെയില്‍വേയുടെ മുന്നിലുള്ളത്. അങ്കമാലി-എരുമേലി പാതയും ചെങ്ങന്നൂര്‍-പമ്പ പദ്ധതിയും
ശബരി റെയില്‍ (അങ്കമാലി-എരുമേലി)
- 111 കിലോ മീറ്റര്‍.
- 14 സ്റ്റേഷനുകള്‍.
- 1997-ല്‍ പ്രഖ്യാപിച്ച പദ്ധതി.
- കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ 100 കോടി രൂപ അനുവദിച്ചു.
- 3,515 കോടിയാണ് പദ്ധതി ചെലവ്.
- 76 കിലോ മീറ്റര്‍.
- യാത്രാസമയം 45 മിനിറ്റ്
- വനത്തിലൂടെയും പമ്പാ തീരത്തുകൂടിയും പോകുന്നു.
- തൂണുകളിലുള്ള ആകാശപാതയായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്.
- സാധ്യതാപഠനം ജൂണില്‍ തീരും.
- ചെലവ് 13,000 കോടി രൂപ.
- തീവണ്ടികള്‍ മണിക്കൂറില്‍ 160 കിലോ മീറ്റര്‍ വേഗത്തില്‍ ഓടിക്കാനാകും.
- ഡല്‍ഹി റീജ്യണൽ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിലേതിന് തുല്യമായി എട്ട് കോച്ചുകളുള്ള തീവണ്ടിയാണ് ഉദ്ദേശിക്കുന്നത്.
- നാലു മിനിറ്റ് ഇടവിട്ട് തീവണ്ടികള്‍ ഓടിക്കാം.
- പമ്പാ നദിയുടെ തെക്ക് ഭാഗത്തു കൂടിയാണ് റെയില്‍വേ ലൈന്‍ കടന്നുപോകുക.
- നദീതീരത്തെ പുറമ്പോക്കുകളിലൂടെ ഉയരത്തിലുള്ള തൂണുകളില്‍ക്കൂടി പാത കടന്നുപോകുന്നതിനാല്‍ ഭൂമിയേറ്റെടുക്കലിനുള്ള സാമ്പത്തികബാധ്യതയും കുറയും.
Content Highlights: chengannur pamba railway route-sabarimala


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..