എറണാകുളം: ചെല്ലാനം മത്സ്യബന്ധന തുറമുഖം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഫിഷിംഗ് ഹാര്‍ബറില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു.
പദ്ധതി പൂര്‍ത്തീകരണത്തിലൂടെ മത്സ്യബന്ധന മേഖലയില്‍ പ്രത്യക്ഷമായി 9000 പേര്‍ക്കും പരോക്ഷമായി 1,3000 പേര്‍ക്കും തൊഴില്‍ ലഭിക്കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 50 കോടി രൂപയാണ് ഹാര്‍ബറിന്റെ നിര്‍മ്മാണ ചെലവ്. എറണാകുളം ജില്ലയിലെ ചെല്ലാനം, മറുവക്കാട്, കണ്ടേക്കടവ്, കണ്ണമാലി, ചെറിയ കടവ്, എന്നീ മത്സ്യബന്ധന ഗ്രാമങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മാത്രമല്ല 500 ടണ്‍ അധിക മത്സ്യ ഉല്പാദനവുമുണ്ടാകും.
പൂര്‍ണമായും സംസ്ഥാന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഹാര്‍ബറാണ് ചെല്ലാനത്തേത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഇതിന് ഭരണാനുമതി നല്‍കിയത്. ഈ സര്‍ക്കാരിന്റെ കാലത്താണ് ഹാര്‍ബറിന്റെ പണി പുനരാരംഭിച്ചതും ഇപ്പോള്‍ പൂര്‍ത്തിയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ തീരദേശ ജനതയുടെ ജീവിത സുരക്ഷ മുന്‍നിര്‍ത്തി ആരംഭിച്ച പ്രധാന പദ്ധതിയാണിത്. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചതാണ് ചെല്ലാനം ഫിഷിംഗ് ഹാര്‍ബര്‍. സംസ്ഥാനത്തെ തീരദേശ പശ്ചാത്തല സൗകര്യ വികസനങ്ങളില്‍ മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മ്മാണം പാരമ്പര്യേതര രീതിയിലുള്ള തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തീരദേശ റോഡുകളുടെ നിര്‍മ്മാണം ഇത്തരത്തിലുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സി കുട്ടിയമ്മ അദ്ധ്യക്ഷത വഹിച്ചു. എംഎല്‍ എമാരായ കെ. ജെ. മാക്‌സി, ജോണ്‍ ഫെര്‍ണാണ്ടസ്, മത്സ്യ ബന്ധന സെക്രട്ടറി ടിങ്കു ബിസ്വാള്‍, കൃഷ്ണന്‍, ബി.ടി വി എന്നിവര്‍ സംബന്ധിച്ചു.
content highlights: Chellanam fishing harbour inaugurated