കെ.ആർ.ഗൗരിയമ്മ ഫൗണ്ടേഷന്റെ പ്രഥമ ഗൗരിയമ്മ പുരസ്കാരം തിരുവനന്തപുരത്ത് സ്വീകരിക്കാനെത്തിയ, ചെഗുവേരയുടെ മകൾ അലൈഡ ഗുവേരയുമായി മുഖ്യമന്ത്രി പിണറായി വിജയനും ബിനോയ് വിശ്വംഎം.പി.യും കുശലം പറയുന്നു.
തിരുവനന്തപുരം: ചെഗുവേരയും കെ.ആർ.ഗൗരിയമ്മയും ഒരേ വഴിയിലും ഒരേ ലക്ഷ്യത്തിലും പൊരുതി മുന്നേറിയവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രഥമ കെ.ആർ.ഗൗരിയമ്മ അന്താരാഷ്ട്ര പുരസ്കാരം ചെഗുവേരയുടെ മകൾ അലൈഡ ഗുവേരയ്ക്കു നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുവരും സഹനത്തിന്റെ വഴി സ്വയം തിരഞ്ഞെടുത്തതാണ്. സുഖമായി ജീവിക്കാനുള്ള ഭൗതികസാഹചര്യങ്ങളുണ്ടായെങ്കിലും പ്രക്ഷുബ്ധത നിറഞ്ഞ വഴികൾ ഇരുവരും തിരഞ്ഞെടുത്തു. മാർക്സിസത്തോടുള്ള പ്രതിബദ്ധതയാണ് ഇരുവർക്കുമുള്ള സമാനത. നാടിന്റെയും ജനതയുടെയും ചരിത്രമായി സ്വന്തം ജീവിതത്തെ മാറ്റിയവർ അധികമില്ല. സ്വന്തം ജീവിതം സഫലമാവുന്നത് അന്യജീവന് ഉതകുമ്പോഴാണ്.
അതു മാനദണ്ഡമാക്കിയാൽ ഗൗരിയമ്മയെപ്പോലെ സഫലമായ ജീവിതം അധികംപേർക്കില്ല. നൂറാം വയസ്സിന്റെ അന്ത്യഘട്ടത്തിലും അവർ ജനങ്ങൾക്കിടയിൽത്തന്നെ നിന്നു. ധീരതയുടെ പ്രതീകവും ചെറുത്തുനിൽപ്പിന്റെ കരുത്തുറ്റ ബിംബവുമായിരുന്നു ഗൗരിയമ്മ. കാർഷിക പരിഷ്കരണ നിയമമടക്കമുള്ളവ മുന്നോട്ടുവെച്ച കേരളത്തിന്റെ പ്രഥമ സർക്കാരിൽ അവർ ശ്രദ്ധേയമായ പങ്കുവഹിച്ചു. നായനാർ മന്ത്രിസഭയിൽ വ്യവസായ വികസനത്തിനു പുതിയ പരിപ്രേക്ഷ്യം അവതരിപ്പിച്ചു.
നിർഭാഗ്യവശാൽ ഒരുഘട്ടത്തിൽ ഗൗരിയമ്മ പാർട്ടിയിൽനിന്നു പുറത്താവുന്ന അവസ്ഥ വന്നു. എ.കെ.ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ അവർ അംഗമായി. അത്, ഗൗരിയമ്മയെ സ്നേഹിച്ചവരെ വേദനിപ്പിച്ചെങ്കിലും വീണ്ടും അവർ പാർട്ടിയോടു സഹകരിക്കുന്ന നിലയിലേക്കുവന്നു. അസാധാരണമായ ത്യാഗവും ജീവിതവും അവർ നയിച്ചു. സമൂഹത്തെ പുരോഗമനപരമാക്കി മാറ്റിയെടുക്കാൻ ജീവിതത്തിലുടനീളം ഗൗരിയമ്മ പ്രവർത്തിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി അധ്യക്ഷത വഹിച്ചു. ബിനോയ് വിശ്വം എം.പി., എ.എം.ആരിഫ് എം.പി., സി.എസ്.സുജാത, സി.പി.ഐ. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, കെ.ആർ.ഗൗരിയമ്മ ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി ഡോ. പി.സി.ബീനാകുമാരി, സെക്രട്ടറി പി.ആർ.ബാനർജി, വൈസ് ചെയർമാൻ ലസംഗീത് ചക്രപാണി, ട്രഷറർ പി.സനകൻ എന്നിവരും സംസാരിച്ചു.
'ഞാൻ ക്യൂബയുടെ മകൾ', വിപ്ലവചരിതം പാടിയും പറഞ്ഞും അലൈഡ ഗുവേര
:സമരനായികയുടെ സ്മരണയിലുള്ള ആദരമേറ്റുവാങ്ങാൻ വിപ്ലവ ഇതിഹാസത്തിന്റെ മകളെത്തി. വാക്കുകളിലെ അഗ്നി മാത്രമല്ല, ലോകമെമ്പാടുമുള്ള അതിജീവനപോരാട്ടങ്ങളോടുള്ള ഐക്യദാർഢ്യമായി അവർ സമരഗീതവും പാടി. പ്രഥമ കെ.ആർ. ഗൗരിയമ്മ അന്താരാഷ്ട്രപുരസ്കാരം ചെഗുവേരയുടെ മകൾ അലൈഡ ഗുവേരയ്ക്ക് സമ്മാനിച്ച ചടങ്ങിലായിരുന്നു ഈ അനശ്വരമുഹൂർത്തം.
അലൈഡ എത്തുമ്പോൾ വേദിയിൽ സോളോഗായകൻ ചാൾസ് ആന്റണി പാടുകയായിരുന്നു. ക്യൂബക്കാർക്കു സുപരിചിതമായ സ്പാനിങ് ഗാനം ചാൾസ് ആലപിച്ചു തുടങ്ങിയതോടെ, ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് അലൈഡയും ഒപ്പംകൂടി. ക്യൂബൻ വിപ്ലവഗീതമായ ‘ഗണ്ടനമേരാ...' എന്നു തുടങ്ങുന്ന ഗാനം അലൈഡയും ചാൾസും ചേർന്നാലപിച്ചപ്പോൾ വേദിയിലും സദസ്സിലും സമരാരവം തുടിച്ചു.
ചെഗുവേരാ ഗീതമായ ‘ഹസ്ത സിയെമ്പ്രേ...’ എന്നു തുടങ്ങുന്ന ഗാനവും ഒരുക്കിയിരുന്നു. സ്വാതന്ത്ര്യത്തിന്റെ ഈണമായ ‘ബെല്ലാ ചിയോ’ എന്ന ഗീതവും അവർ ചാൾസിനൊപ്പം ഏറ്റുപാടി.
മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് പുരസ്കാരം സ്വീകരിച്ചശേഷമുള്ള പ്രസംഗത്തിൽ ചെഗുവേരയും വിപ്ലവക്യൂബയുമൊക്കെ അലൈഡയുടെ വാക്കുകളിൽ ഓർമകളായി നിറഞ്ഞു. ഞാൻ ക്യൂബയുടെ ഉത്തമയായ മകളാണ്. ക്യൂബൻവനിതയെന്നതിൽ തികഞ്ഞ അഭിമാനമുണ്ട്. ക്യൂബയിലെ ജനങ്ങൾക്കൊപ്പം ലോകമൈത്രിക്കുവേണ്ടിയുള്ള സ്ഥാപനത്തിൽ ഞാൻ ജോലിചെയ്യുന്നുണ്ട്. എന്റെ കുടുംബപ്പേര് എനിക്കു പരിചയമില്ലാത്ത വിവിധദേശങ്ങളിൽ ചെല്ലുന്നതിനും എന്റെ പിതാവിനെയും ക്യൂബൻ വിപ്ലവത്തെയും കുറിച്ച് സംസാരിക്കാനും ഒട്ടേറെ അവസരങ്ങളൊരുക്കി.- അലൈഡ പറഞ്ഞു. അടിച്ചമർത്തപ്പെട്ട ജനതയ്ക്ക് പ്രചോദനമായിരുന്നു ഗൗരിയമ്മയെന്നും അലൈഡ അഭിപ്രായപ്പെട്ടു.
Content Highlights: cheguera and gauri amma fought for the same cause says pinarayi vijayan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..