മലക്കപ്പാറ: വാല്‍പ്പാറയ്ക്കടുത്ത് നാലുവയസ്സുകാരനെ കൊന്ന പുലി പിടിയിലായി. വനംവകുപ്പ് വെച്ച കൂട്ടിലാണ് ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ പുലി കുടുങ്ങിയത്. പുലി കൊലപ്പെടുത്തിയ കുട്ടിയുടെ വീടിനു സമീപത്തു സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്.
ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷം പുലിയെ സ്ഥലത്തുനിന്ന് മാറ്റും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുലി ഈ പ്രദേശത്തുള്ളതായി വ്യക്തമായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് തേയിലത്തൊഴിലാളികളായ എസ്റ്റേറ്റ് തൊഴിലാളികളായ മുഷറഫലിയുടെയും സബിയയുടെയും മകന് സൈദുള്ളയെ പുലി കൊന്നത്. തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിനുള്ളില്നിന്നും കുട്ടിയെ പുലി പിടിച്ചത്. പിന്നീട് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. തേയിലത്തോട്ടത്തിലെ ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍ താമസിക്കുന്നത്. അമ്മ കുളിപ്പിച്ചതിനുശേഷം അടുക്കളവാതിലിനടുത്താണ് കുട്ടിയെ നിര്‍ത്തിയിരുന്നത്.
അമ്മ അടുക്കളയിലേക്ക് മാറിയ സമയം തോട്ടത്തില്‍നിന്ന് വന്ന പുലി കുട്ടിയെയും കൊണ്ട് ഓടിമറഞ്ഞു. ഇതുകണ്ട് അമ്മ കരഞ്ഞ് ബഹളംവച്ചപ്പോള്‍ നാട്ടുകാര്‍ പന്തങ്ങളും ടോര്‍ച്ചുകളും ആയുധങ്ങളുമായി തോട്ടത്തില്‍ തിരച്ചിലാരംഭിച്ചു.
എട്ടരയോടെ കുഞ്ഞിന്റെ മൃതദേഹം കിട്ടി. തലയും ഉടലും വേര്‍പെട്ടനിലയില്‍ രണ്ടിടത്തുനിന്നാണ് കണ്ടെത്തിയത്. വീട്ടില്‍നിന്ന് 350 മീറ്റര്‍ അകലെനിന്നാണ് മൃതദേഹം കിട്ടിയത്.
ജാര്‍ഖണ്ഡ് സ്വദേശിയായ മുഷറഫലിയും കുടുംബവും ഒരുകൊല്ലം മുമ്പാണ് ഇവിടെ താമസമാക്കിയത്
നരഭോജിയായ പുലിയെ പിടിക്കണമെന്നാവശ്യപ്പെട്ട് വലിയ രീതിയിലുള്ള പ്രക്ഷോഭം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ കുറെ കാലമായി ഈ മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ പത്തില്‍ അധികം കുട്ടികളെയാണ് പുലി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..