തിരുവനന്തപുരം: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വീണ്ടും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചു. അതേസമയം ഈ വിഷയത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഈ ആഴ്ചയോ അടുത്തയാഴ്ചയോ വിഷയത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനം എടുക്കും.

വെള്ളിയാഴ്ച നടന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് രണ്ട് ഉപതിരഞ്ഞെടുപ്പുകളും നടത്തേണ്ടതില്ലെന്ന നിലപാട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചത്. നിലവിലെ സര്‍ക്കാരിന് ഒരു വര്‍ഷത്തില്‍ താഴയേ കാലവധിയുള്ളൂ. മാത്രമല്ല സംസ്ഥാനത്ത് മഴക്കാലവും തുടങ്ങാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പോളിങ് ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട സാധ്യതയും സാഹചര്യവും ഇല്ലെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരിക്കുന്നത്.

അതേസമയം ഉപതിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആദ്യത്തേത്, ഒരു പോളിങ് സ്‌റ്റേഷനില്‍ പരമാവധി 1000 പേരെ പാടുള്ളൂ എന്നാണ്. സംസ്ഥാനത്ത് ഇത് 1800 പേരാണ്. അങ്ങനെ എങ്കില്‍ ഓക്സിലറി ബൂത്തുകള്‍ സ്ഥാപിക്കേണ്ടി വരും.

സാമൂഹിക അകലം കൃത്യമായി പാലിക്കണം, 65 വയസിനു മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് പോസിറ്റീവായവര്‍ എന്നിവർ വോട്ട് രേഖപ്പെടുത്താന്‍ ആഗ്രഹിച്ചാല്‍ അവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് നല്‍കണം, വീടുകളില്‍ വോട്ട് തേടി പോകുന്ന സമയത്ത് അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാവാന്‍ പാടില്ല എന്നുള്ള നിര്‍ദേശങ്ങളുമുണ്ട്.  എല്ലാവരും വിര്‍ച്വല്‍ പ്രചാരണ രീതിയിലേക്ക് മാറുകയാണ് നല്ലെതന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ട്.

content highlights: chavara, kuttanad bypoll