പമ്പ: ശബരിമല ദര്‍ശനം നടത്താന്‍ പോലീസിന്റെ സഹായം അഭ്യര്‍ഥിച്ച് യുവതി. കേരളാ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ എസ്.പി മഞ്ജുവാണ് മല കയറാനായി പമ്പയിലെത്തിയത്. 

ശനിയാഴ്ച മഞ്ജുവടക്കം രണ്ടു യുവതികളാണ് മല കയറാനെത്തിയത്. ഇതില്‍ ഒരാള്‍ പോലീസുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം തിരിച്ചു പോകാന്‍ തയ്യാറായി. എന്നാല്‍ മഞ്ജു മല കയറണമെന്ന ആവശ്യത്തില്‍ ഇവര്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഐജിമാരായ മനോജ് എബ്രാഹം, എസ്.ശ്രീജിത്ത്, എഡിജിപി അനിൽ കാന്ത് എന്നിവർ പമ്പയിലെത്തിയിട്ടുണ്ട്. ഇവർ മഞ്ജുവുമായി ചർച്ച നടത്തുകയാണ്. മഞ്ജുവിന്റെ പശ്ചാത്തലം പരിശോധിക്കാൻ ചാത്തന്നൂർ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇതു കൂടി ലഭിച്ച ശേഷമേ ഇവരെ മലകയറാൻ അനുവദിക്കണോ എന്ന കാര്യത്തിൽ തീരുമാനമാകു. 

വെള്ളിയാഴ്ച ആന്ധ്രയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിത ജെക്കാലയും മലയാളി ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും ക്ഷേത്രദര്‍ശനത്തിനു ശ്രമിച്ചിരുന്നു. എന്നാല്‍ നടപ്പന്തലില്‍ വരെയാണ് ഇവര്‍ക്ക് പോകാനായത്. ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ തിരിച്ചിറങ്ങുകയായിരുന്നു.

content highlights: chathannur native women asks help from police to enter sabarimala