വലിയ ശബ്ദം കേട്ടെത്തി, അച്ഛനും സഹോദരിയും കണ്ടെയ്‌നറിനടിയില്‍; അലറിക്കരഞ്ഞ് വീട്ടിലേക്കോടി വിഷ്ണു


അപകടത്തിന്റെ ദൃശ്യം, ഗൗരിയും അച്ഛൻ ഗോപകുമാറും

ചാത്തന്നൂര്‍: ''മിടുക്കിയായിരുന്നവള്‍... തലേദിവസം ക്ലാസില്‍ എത്താതിരുന്നപ്പോള്‍ വെള്ളിയാഴ്ച എത്തുമെന്ന് ഗൗരിയുടെ അമ്മ വിളിച്ചുപറഞ്ഞിരുന്നു. സ്‌കൂളിലെത്തുംമുമ്പേ അവള്‍ ഈ ലോകത്തോട് വിടപറഞ്ഞെന്ന് വിശ്വസിക്കാനാകുന്നില്ല''- ചാത്തന്നൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാംവര്‍ഷ കൊമേഴ്‌സ് വിദ്യാര്‍ഥിയായ ഗൗരിയുടെ ക്ലാസ് ടീച്ചര്‍ എന്‍.എസ്.ഗീതാകുമാരിക്ക് പ്രിയ വിദ്യാര്‍ഥിയുടെ മരണം ഉള്‍ക്കൊള്ളാനാകുന്നില്ല.

രാവിലെ സ്‌കൂളിലേക്കു വരുംവഴിയാണ് ഗൗരിയും അച്ഛന്‍ ഗോപകുമാറും സഞ്ചരിച്ച ബൈക്കില്‍, പിന്നാലെ അമിതവേഗത്തിലെത്തിയ കണ്ടെയ്‌നര്‍ ലോറി ഇടിച്ചത്. ഇരുവരുടെയും ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി.ക്ലാസില്‍ മിതഭാഷിയായ ഗൗരി പഠിക്കാന്‍ മിടുക്കിയായിരുന്നു. ഒന്നാംവര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടിയിരുന്നു. നാലുവിഷയങ്ങള്‍ക്ക് എ പ്ലസും രണ്ടുവിഷയത്തിന് എ ഗ്രേഡും ലഭിച്ചു. ഇതില്‍ എ ഗ്രേഡ് ലഭിച്ച രണ്ടുവിഷയവും ഇംപ്രൂവ് ചെയ്തിരുന്നു. ഇതിന്റെ ഫലം വന്നിട്ടില്ല. എസ്.എസ്.എല്‍.സി.ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഗൗരി ഇതേ സ്‌കൂളില്‍ത്തന്നെയാണ് പഠിച്ചത്.

വെള്ളിയാഴ്ച രാവിലെ 8.45-ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഡി.പ്രമോദ്കുമാറിന് ഗൗരിയുടെ ഐ.ഡി. കാര്‍ഡിന്റെ ഫോട്ടോ ഫോണിലേക്ക് അയച്ചുകൊടുത്തശേഷമാണ് കുട്ടി അപകടത്തില്‍ മരിച്ചവിവരം അറിയിക്കുന്നത്. ഉടന്‍തന്നെ സ്റ്റാഫ് സെക്രട്ടറി മനു, അധ്യാപകരായ അജിത്ത്, മണിരാജ് എന്നിവരെ ആശുപത്രിയിലേക്ക് അയച്ചു. സ്‌കൂളിലെത്തിയ കൂട്ടുകാര്‍ ഗൗരിയുടെ മരണവിവരമറിഞ്ഞ് വിറങ്ങലിച്ചുനിന്നുപോയി. 9.30-ന് അസംബ്ലികൂടി അനുശോചനമറിയിച്ച് സ്‌കൂളിന് അവധിനല്‍കി.

ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം 6.20-ന് വീട്ടിലെത്തിച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സ്‌കൂളിലെ അധ്യാപകരെത്തിയിരുന്നു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഡി.പ്രമോദ്കുമാര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എസ്.രാഖി, അധ്യാപകരായ ജെസി വര്‍ഗീസ്, പ്രദീപ്, ജില്ലാപഞ്ചായത്ത് അംഗം ശ്രീജാ ഹരീഷ്, ജില്ലാപഞ്ചായത്ത് മുന്‍ അംഗം എന്‍.രവീന്ദ്രന്‍, ചാത്തന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ദിലീപ് കുമാര്‍ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

അപകടം സ്‌കൂളിലേക്ക് പുറപ്പെട്ടതിനു പിന്നാലെ

കൊട്ടിയം: അമ്മ കവിതയോടും ജ്യേഷ്ഠന്‍ വിഷ്ണുവിനോടും യാത്രപറഞ്ഞ് എന്നത്തെയുംപോലെ ഗൗരി അച്ഛനോടൊപ്പം ബൈക്കില്‍ സ്‌കൂളിലേക്ക് തിരിച്ചതാണ്. ദേശീയപാതയ്ക്ക് തൊട്ടടുത്തുതന്നെയാണ് വീട്. ദേശീയപാതയിലേക്കിറങ്ങിയ അച്ഛനും മകളും കണ്ണില്‍നിന്നു മറയുന്നതുവരെ അമ്മയും മകനും വീടിനു പുറത്തുതന്നെയായിരുന്നു.

അമ്മ അകത്തേക്ക് കയറുന്നതിനായി തിരിഞ്ഞ ഉടന്‍തന്നെ വലിയ ശബ്ദം കേട്ടു. ശബ്ദംകേട്ട് വിഷ്ണു റോഡിലേക്ക് ഓടിയെത്തുമ്പോള്‍ കണ്ടത് കൂറ്റന്‍ കണ്ടെയ്‌നര്‍ വാഹനത്തിന്റെ അടിയില്‍പ്പെട്ട ബൈക്കും അതിനടിയില്‍ കുരുങ്ങിക്കിടന്ന അച്ഛനെയും സഹോദരിയെയും വലിച്ചിഴച്ചുകൊണ്ടുപോകുന്ന കൂറ്റന്‍ വാഹനവുമാണ്. വിഷ്ണു അലറിക്കരഞ്ഞ് വീട്ടിലേക്ക് ഓടിക്കയറിയതോടെയാണ് വീട്ടുകാരും അയല്‍ക്കാരും ഇടിത്തീപോലെ ആ ദുരന്തവാര്‍ത്ത അറിയുന്നത്.

അപകടസ്ഥലത്തേക്ക് പരിസരത്തുള്ളവര്‍ ഓടിയടുക്കുമ്പോഴേക്കും കൂറ്റന്‍ കണ്ടെയ്‌നര്‍ മൈലക്കാട് കയറ്റത്തിന്റെ മുക്കാല്‍ പങ്കും പിന്നിട്ടിരുന്നു. ഗോപകുമാറിനെയും ഗൗരിയെയും നാട്ടുകാര്‍ ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വൈകീട്ട് ആറരയോടെയാണ് മൃതദേഹങ്ങള്‍ വീട്ടുമുറ്റത്തൊരുക്കിയ പന്തലില്‍ എത്തിച്ചത്. അടുത്തടുത്തുള്ള കട്ടിലുകളിലേക്ക് പൊതുദര്‍ശനത്തിനായി മൃതദേഹങ്ങള്‍ വെച്ചതോടെ വീടും പരിസരവും ഒന്നാകെ തേങ്ങി. കൂട്ടുകാരിയെ അവസാനമായി ഒരുനോക്കുകാണാന്‍ കാത്തുനിന്ന വിദ്യാര്‍ഥികള്‍ വാവിട്ടു നിലവിളിച്ചു. ഇരുവര്‍ക്കും ആദരാഞ്ജലികളുമായി നാടൊന്നാകെ എത്തി. പഴയ സഹപ്രവര്‍ത്തകന് പുഷ്പചക്രം അര്‍പ്പിച്ച്, സല്യൂട്ട് നല്‍കി വിമുക്തഭടന്മാരുടെ സംഘടന ആദരം കാട്ടി.

ഡ്രൈവര്‍ അറസ്റ്റില്‍

കൊട്ടിയം: അപകടത്തില്‍പ്പെട്ട നാഗാലാന്‍ഡ് രജിസ്‌ട്രേഷനുള്ള കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവറായ ബിഹാര്‍ സ്വദേശിയെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ ബെറുണ ചോര്‍വാര്‍ ഷെയ്ക്ക്പുര്‍ സ്വദേശിയായ ഗൗരവ് കുമാറാ(27)ണ് അറസ്റ്റിലായത്. ഇയാളെ പോലീസ് ചോദ്യംചെയ്തുവരികയാണ്. മോട്ടോര്‍വാഹനവകുപ്പും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: chathannoor accident death case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented