ഷിജു എം വർഗീസ്,ജെ.മേഴ്സിക്കുട്ടിയമ്മ
കൊല്ലം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് നടന്ന ദിവസം കുണ്ടറയില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ പരാതിക്കാരനെതിരേ കുറ്റപത്രം. ഇ.എം.സി.സി ഡയറക്ടറും കുണ്ടറ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും ആയിരുന്ന ഷിജു എം വര്‍ഗീസിനെതിരേയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്വന്തം കാര്‍ പെട്രോള്‍ ബോംബെറിഞ്ഞ് കത്തിച്ച ശേഷം, തനിക്കെതിരേ വധശ്രമം ഉണ്ടായെന്നും പിന്നില്‍ മേഴ്സിക്കുട്ടിയമ്മയുടെ സംഘങ്ങളാണെന്നും ആയിരുന്നു ഷിജു എം വര്‍ഗീസിന്റെ പരാതി. ഇതിലാണ് അന്വേഷണം നടന്നത്.
ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് വിവാദം കത്തി നില്‍ക്കെ സ്വന്തം കാര്‍ ബോംബെറിഞ്ഞ് തകര്‍ത്ത് ഡ്രൈവറെ കൊലപ്പെടുത്തുകയും അതുവഴി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരേ ജനവികാരം ഇളക്കിവിടുകയുമായിരുന്നു ഷിജു എം വര്‍ഗീസിന്റെ ലക്ഷ്യമെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. ഇ.എം.സി.സിക്ക് നല്‍കിയിരുന്ന ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതില്‍ മേഴ്സിക്കുട്ടിയമ്മയോട് ഷിജു എം വര്‍ഗീസിന് വൈരാഗ്യമുണ്ടായിരുന്നു. തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പിലും മത്സരിച്ചത്.
പോളിംഗ് ദിനം പുലര്‍ച്ചെ കുണ്ടറ നിയമസഭ മണ്ഡലം പരിധിയില്‍ ഉള്‍പ്പെട്ട കണ്ണനല്ലൂര്‍ കുരീപ്പളളി റോഡിലായിരുന്നു സംഭവം. എന്നാല്‍ ഷിജു വര്‍ഗീസ് പരാതിയില്‍ പറഞ്ഞ സമയത്ത് ഈ തരത്തിലൊരു വാഹനം കടന്നു പോയതിന്റെ സൂചനകളൊന്നും പോലീസിന് കിട്ടിയിരുന്നില്ല. നാട്ടുകാരില്‍ നിന്ന് ശേഖരിച്ച പ്രാഥമിക വിവരങ്ങളിലും ഈ തരത്തിലൊരു ആക്രമണം നടന്നുവെന്ന തരത്തിലുളള മൊഴികള്‍ ലഭ്യമായിരുന്നില്ല. തുടര്‍ന്ന് കേസ് മനപൂര്‍വം ഉണ്ടാക്കിയതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗോവയില്‍ നിന്നായിരുന്നു അറസ്റ്റ്. കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ടിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ചാത്തന്നൂര്‍ എ.സി.പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..