കൊച്ചി: എൽ ഡി എഫിനൊപ്പം ജോസ് കെ മാണി വന്നതുകൊണ്ടുമാത്രമാണ് അഴിമതിക്കാരനെന്ന് വിളിച്ചയാളെ പുണ്യാളനാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ എം മാണിക്കെതിരായ പരാമർശം സുപ്രീംകോടതിയിൽ സർക്കാർ തിരുത്തിയതിനെതിരേ മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എൽ ഡി എഫിനൊപ്പം ജോസ് കെ മാണി വന്നതുകൊണ്ടുമാത്രമാണ് സർക്കാർ സുപ്രീംകോടതിയിൽ ഇത്തരമൊരു തിരുത്തിന് തയാറായത്. സർക്കാരിനെതിരായ അഴിമതിയാണെങ്കിൽ ഉമ്മൻചാണ്ടി എങ്ങനെ ബജറ്റ് അവതരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു.

കെ എം മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കരുതെന്നും വേണമെങ്കിൽ ഉമ്മൻചാണ്ടിയെക്കൊണ്ട് ബജറ്റ് അവതരിപ്പിച്ചോളാനും അന്ന് ഇടതുപക്ഷം പറഞ്ഞിരുന്നു. ഉമ്മൻചാണ്ടിയാണ് ബജറ്റ് അവതരിപ്പിക്കുന്നതെങ്കിൽ അവർ ഈ സമരത്തിൽ നിന്ന് പിന്മാറാമെന്ന് പരസ്യമായി പറയുകയും ഉമ്മൻചാണ്ടിയെ അക്കാര്യം അറിയിക്കുകയും ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ കയ്യാങ്കളി കേസിൽ കെ എം മാണിക്കെതിരായ നിലപാട് തിരുത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. മാണി അഴിമതിക്കാരൻ അല്ലെന്നും സർക്കാർ ബജറ്റ് അവതരിപ്പിക്കുന്നതിന് എതിരായിരുന്നു പ്രതിഷേധമെന്നുമാണ് സംസ്ഥാന സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ തിരുത്തിയത്.

Content Highlights:change on the front corrupt man became a saint says VD Satheesan