തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനാ സമ്പ്രദായത്തില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദിവാസി മേഖലയിലും തീരദേശങ്ങളിലും ടെസ്റ്റിങ് കൂടുതലായി ചെയ്യാന്‍ തീരുമാനിച്ചതായും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ടെസ്റ്റിങ് സ്ട്രാറ്റജിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആന്റിജന്‍ പോസിറ്റീവ് ആണെങ്കില്‍ തുടര്‍ന്ന് ആര്‍ടിപിസിആര്‍ ചെയ്ത് അക്കാര്യം വീണ്ടും ഉറപ്പിക്കുന്നതിനു പകരം അത് പോസിറ്റീവ് ആയി പരിഗണിക്കാന്‍ തീരുമാനിച്ചു. ആശുപത്രികളില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്നതിന് പരിശോധന നടത്തുന്ന രീതി ഒഴിവാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

ഗ്രാമപ്രദേശങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. ആദിവാസി മേഖലയിലും തീരദേശങ്ങളിലും ടെസ്റ്റിങ് കൂടുതലായി ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് കോവിഡ് ആണെന്ന് ഉറപ്പിച്ചുകൊണ്ട് എത്രയും പെട്ടെന്ന് സ്വയം ഐസൊലേഷനിലേക്ക് പോകാനും വാര്‍ഡ് മെമ്പറേയോ ആരോഗ്യപ്രവര്‍ത്തകരെയോ അറിയിക്കാനും ടെസ്റ്റ് ചെയ്യാനും എല്ലാവരും തയ്യാറാവണം. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.