കൊച്ചി: ചന്ദ്രിക ദിനപത്രത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മൊഴി നല്‍കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഓഫീസിലെത്തി. കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചനകള്‍. 

അതേസമയം ചന്ദ്രിക കേസില്‍ ഇ.ഡി വിളിപ്പിച്ചത് സാക്ഷി ആയിട്ടാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുവെന്നത് തെറ്റാണ്. കേസിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. 

ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലയിലാണ് കുഞ്ഞാലിക്കുട്ടിയെ വിളിപ്പിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ഹാജരാവാനാണ് കുഞ്ഞാലിക്കുട്ടിയോട് ആവശ്യപ്പെട്ടിരുന്നതെങ്കിലും നാല് മണിയോടെയാണ് അഭിഭാഷകനൊപ്പം അദ്ദേഹം ഹാജരായത്. 

ചന്ദ്രിക ദിനപത്രത്തിന്റെ കൊച്ചി യൂണിറ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നോട്ടുനിരോധന കാലത്ത് പത്ത് കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ട വിശദീകരണമാണ് കുഞ്ഞാലിക്കുട്ടിയോട് ഇ.ഡി ആരായുന്നത്. നേരത്തെ ദിനപത്രവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട പ്രതിനിധികളേയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. പണം എവിടെ നിന്ന് വന്നു, ഏത് രീതിയില്‍ കൈകാര്യം ചെയ്തു തുടങ്ങിയ കാര്യങ്ങളാവും കുഞ്ഞാലിക്കുട്ടിയോട് ചോദിച്ചറിയുക എന്നാണ് സൂചനകള്‍.

Content Highlights: Chandrika case; PK Kunhalikutty appeared before Enforcement Office